പടിയൂരില്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ രണ്ടെണ്ണമുണ്ട്; നാട്ടുകാര്‍ക്കു പ്രയോജനമില്ല
പടിയൂര്‍: ചെറുകിട കര്‍ഷകര്‍ക്കു ജലസേചനത്തിനായി 20 വര്‍ഷം മുമ്പു പണിതീര്‍ത്ത പടിയൂര്‍ പഞ്ചായത്തിലെ ഷണ്മുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ ഇനിയും ലക്ഷ്യം കണ്ടില്ല. ജനകീയാസൂത്രണ പദ്ധതി പ്രകാരം ഗുണഭോക്തൃ സമിതികളുടെ മേല്‍നോട്ടത്തില്‍ 2001 ല്‍ 100 കണക്കിനു കര്‍ഷകര്‍ക്കു പ്രയോജനകരമാവുമായിരുന്ന രീതിയില്‍ ആരംഭിച്ച പദ്ധതിയാണു കാലങ്ങളായിട്ടും എങ്ങുമെത്താതെ പോയത്. പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ ഷണ്മുഖം കനാലിന്റെ ഇരുകരകളിലുമായി ലക്ഷങ്ങള്‍ മുടക്കിയാണു ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ക്കുള്ള പമ്പുസെറ്റുകളും പൈപ്പുകളും സ്ഥാപിച്ചത്. എന്നാല്‍, ഇതുവരെ കരകൃഷിക്കും നെല്‍കൃഷിക്കും ഉപയോഗപ്രദമാകുന്ന തരത്തില്‍ പദ്ധതി നടപ്പായിട്ടില്ല. മോട്ടോര്‍ സ്ഥാപിച്ച് അഞ്ചു വര്‍ഷം കഴിഞ്ഞാണു പദ്ധതിക്കുള്ള വൈദ്യുത കണക്ഷന് ലഭിച്ചത്. ജനങ്ങള്‍ക്കു പ്രയോജനകരമാകുമെന്ന കാരണത്താല്‍ കാട്ടൂര്‍ കിഴക്കുംപാടം പാടശേഖര സമതി 40,000 രൂപ പദ്ധതിക്കു ഗുണഭോക്തൃ വിഹിതമായി നല്‍കിയിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ സ്റ്റാര്‍ട്ടര്‍ കത്തിപ്പോയതിനാല്‍ പമ്പുസെറ്റ് പ്രവര്‍ത്തനം വീണ്ടും നിലച്ചു. മോട്ടോറുകളുടെ കേടുപാടുകള്‍ തീര്‍ക്കാതെ മാറിവന്ന ഭരണസമിതികള്‍ പലതവണ പണം ചെലവാക്കി ജലവിതരണ പൈപ്പുകള്‍ സ്ഥാപിച്ചിരുന്നു. ഇത്തരത്തില്‍ പദ്ധതിക്കായി സ്ഥാപിച്ച പൈപ്പുകള്‍ നിശ്ചിത ആഴത്തില്‍ കുഴിയെടുക്കാത്തതിനാല് ഷണ്മുഖം കനാല്‍ മുതല്‍ പോത്താനി വരെയുള്ള കാനകളില്ക്കിടന്നു നശിക്കുകയാണ്. 2009 ല്‍ പദ്ധതിക്കായി മാറ്റിവെച്ച 3,20,000 രൂപയില്‍ നിന്നു ലക്ഷങ്ങള്‍ ചെലവഴിച്ചു വാങ്ങിയ വിപണിയില്‍ ഒന്നിനു 5000 രൂപവരെ വിലയുള്ള നിരവധി പൈപ്പുകള്‍ പഞ്ചായത്ത് ആശുപത്രിക്കു സമീപത്തുള്ള പാടത്തു വെയിലും മഴയുമേറ്റു ദ്രവിച്ചു. പൈപ്പു വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളും കേസുകളുമാണു തിരിച്ചടിയായത്. അടുത്ത കാലത്താണു കേസ് ഒത്തു തീര്പ്പിലെത്തിയതെന്നു നാട്ടുകാര്‍ പറഞ്ഞു. ജലക്ഷാമം രൂക്ഷമായ പടിയൂരിലെ ജനങ്ങള്‍ക്കു കുടിവെള്ളത്തിനും കൃഷി ആവശ്യത്തിനും ഏറെ പ്രയോജനപ്പെടുന്ന പദ്ധതി അപാകതകള്‍ തീര്‍ത്ത് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.