പൊതുപ്രവര്‍ത്തനരംഗത്തെ നിറസാന്നിധ്യമായിരുന്ന ഷീല ജയരാജിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി..
ഇരിങ്ങാലക്കുട: പൊതുപ്രവര്‍ത്തനരംഗത്തെ നിറസാന്നിധ്യമായിരുന്ന ഷീല ജയരാജിന് നിറകണ്ണീരോടെ വിട. വാഹനാപകടത്തില്‍ അന്തരിച്ച മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജിന് പഞ്ചായത്തിലും വീട്ടിലുമായി വന്‍ജനാവലിയാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. രാവിലെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കളും പാര്‍ട്ടിനേതാക്കളും ഏറ്റുവാങ്ങി. പാര്‍ട്ടി സംസ്ഥാന എക്സി. അംഗം കെ.പി. രാജേന്ദ്രന്, ജില്ലാ എക്സി. അംഗം ടി.കെ. സുധീഷ്, മണ്ഡലം സെക്രട്ടറി പി. മണി, അസി. സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് എന്നിവര്‍ ചേര്‍ന്ന് മൃതദേഹത്തില്‍ രക്തപതാക പുതപ്പിച്ചു. പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ എത്തിയ മൃതദേഹം 12.30 ഓടെ മുരിയാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തിയപ്പോഴേക്കും റോഡിന്റെ ഇരുവശങ്ങളിലുമായി ഒട്ടേറെപ്പേര്‍ എത്തിയിരുന്നു. പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനന് വലിയാട്ടില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് മുന്നില്‍ ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍, സഹകാരികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് വസതിയില്‍ എത്തിച്ച മൃതദേഹത്തിന് വന്‍ ജനാവലി ഉപചാരമര്‍പ്പിച്ചു. സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സി.എന്‍. ജയദേവന്, ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, മുന്‍ മന്ത്രി വി.എസ്. സുനില്‍ കുമാര്‍, കെ. ശ്രീകുമാര്‍, കെ.ജി. ശിവാനന്ദന്, വി.എസ്. പ്രിന്‍സ്, എംഎല്‍എ മാരായ ഇ.ടി. ടൈസണ്‍ മാസ്റ്റര്‍, വി.ആര്. സുനില്‍ കുമാര്‍, മുന്‍ എംഎല്‍എ ഗീത ഗോപി, കെ. യു. അരുണന്, സ്വര്‍ണ്ണ ലത ടീച്ചര്‍, ഷീന പറയങ്ങാട്ടില്‍, കെ.എസ്. ജയ, ഷീല അജയഘോഷ്, വി.കെ. സരിത, അനിത രാധാകൃഷ്ണന്, ശോഭന മനോജ്, സിപിഎം നേതാക്കളായ എം.എം. വര്‍ഗീസ്, ഉല്ലാസ് കളക്കാട്ട്, കെ.ആര്. വിജയ, ടി.ജി. ശങ്കരനാരായണന്, ലതചന്ദ്രന് എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.