ആരോരുമില്ലാത്ത പ്രകാശനു പ്രകാശമായി ഇരിങ്ങാലക്കുടയിലെ ദൈവപരിപാലനഭവനം
ഇരിങ്ങാലക്കുട: ആരോരുമില്ലാതെ നിന്നിരുന്ന പ്രകാശനു പ്രകാശമായി ഇരിങ്ങാലക്കുടയിലെ ദൈവപരിപാലനഭവനം. കൊടുങ്ങല്ലൂര്‍ പനപ്പറമ്പില്‍ പ്രകാശ (54) നാണു ദൈവപരിപാലനഭവനം അഭയം നല്‍കിയത്. അവിവാഹിതനാണ്. കോട്ടപ്പുറത്ത് വഴിയില്‍ക്കൂടി നടന്നുപോകുമ്പോള്‍ കാറുതട്ടുകയും നാലുപേര്‍ക്കൂടി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത പ്രകാശനു അപകടത്തില്‍ ഓര്മ നഷ്ടമാകുകയായിരുന്നു. കുറേ ദിവസത്തെ ചികിത്സയ്ക്കുശേഷം ഇരിങ്ങാലക്കുട ഗവ. ആശുപത്രിയിലേക്കു മാറ്റി. അവിടെ നിന്നും സുഖമായശേഷം സഹോദരിയുടെ വീട്ടില്‍ ചെന്നപ്പോള്‍ പറഞ്ഞുവിടുകയായിരുന്നു. കൈവശം ഉണ്ടായിരുന്ന ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ രേഖ എല്ലാം സഹോദരി വാങ്ങിവെച്ചുവെന്നു വേദനയോടെ പ്രകാശന് പറയുന്നു. ജില്ലാ സാമൂഹ്യനീതി വകുപ്പ്, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്, ഇരിങ്ങാലക്കുട ഗവ. ആശുപത്രി എന്നിവരുടെ ശുപാര്‍ശ കത്തുവഴി പ്രകാശന്റെ കോവിഡ് ടെസ്റ്റ് നടത്തുകയും ആശുപത്രി ജീവനക്കാരായ പി.എം. മിഥിന്, വി.എം. ഷാജഹാന് എന്നിവര്‍ വഴി പ്രകാശനെ ദൈവപരിപാലന ഭവനം മാനേജര്‍ ബ്രദര്‍ ഗില്‍ബര്‍ട്ട് ഇടശേരിയെ ഏല്പിക്കുകയും ചെയ്തു.