സൗജന്യ മെഡിക്കല്‍ ക്യാമ്പും പ്രഥമ ശുശ്രൂഷ പരിശീലനവും സംഘടിപ്പിച്ചു
പുല്ലൂര്‍: സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ പുല്ലൂര്‍-ഇരിങ്ങാലക്കുട മേഖലയിലെ എല്ലാ ഡ്രൈവേഴ്സ് സുഹൃത്തുക്കള്‍ക്കും വേണ്ടി സൗജന്യ മെഡിക്കല്‍ ക്യാമ്പും പ്രഥമ ശുശ്രൂഷ പരിശീലനവും സംഘടിപ്പിച്ചു. സംസ്ഥാന ഡയറക്ടര്‍ റവ. ഡോ. സെബാസ്റ്റ്യന്‍ തേക്കാനത്ത് ‘സാരഥി’ ക്ലാസിനു നേതൃത്വം നല്കി. ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തവരുടെ ഷുഗര്‍, ബ്ലഡ് പ്രഷര്‍ സൗജന്യമായി പരിശോധിച്ചതിനോടൊപ്പം ആശുപത്രിയിലെ ഫിസിഷ്യന്മാരായ സിസ്റ്റര്‍ ഡോ. റീറ്റ, ഡോ. ഡെയിന്‍ ആന്റണി, ഡോ. മാര്ട്ടിന് അഗസ്റ്റിന് എന്നിവരുടെ കണ്സള്റ്റേഷന് തികച്ചും സൗജന്യമായിരുന്നു. തുടര്‍ന്നു നടന്ന പ്രഥമ ശുശ്രൂഷ പരിശീലനത്തിനു ആശുപത്രിയിലെ എന്‍എബിഎച്ച് കോ-ഓര്‍ഡിനേറ്റര്‍ ജിന്‍സി നേതൃത്വം നല്കി. ചടങ്ങില്‍ ഇരുപത്തിയഞ്ചും അതില്‍ കുടുതലും സേവനം കാഴ്ചവെച്ച ഡ്രൈവേഴ്സ് സുഹൃത്തുക്കളെ ഉപഹാരം നല്കി ആദരിക്കുകയും പങ്കെടുത്ത എല്ലാവര്ക്കും ക്രിസ്തുമസ് സമ്മാനവും നല്കി. പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ളോറി സിഎസ്എസ്, ആശുപത്രി മാനേജര്‍ ഓപ്പറേഷന്‍സ് ആന്‍ജോ ജോസ്, ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ സുമ റാഫേല്‍ സിഎസ്എസ് എന്നിവര്‍ പ്രസംഗിച്ചു.