ബജറ്റില്‍ മാറ്റിവെച്ചതു 49 കോടി; എങ്ങുമെത്താതെ പദ്ധതികള്‍
അരിപ്പാലം: പടിയൂര്‍-പൂമംഗലം കോള്‍ മേഖലയുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ യാഥാര്‍ഥ്യമായില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റിലാണു മേഖലയിലെ കോള്‍ വികസനവുമായി ബന്ധപ്പെട്ടു 49 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നത്. കെഎല്‍ഡിസി കനാല്‍-ഷണ്മുഖം കനാല്‍ സംയോജനത്തിനു 20 കോടി, പടിയൂര്‍-പൂമംഗലം കോള്‍മേഖലയുടെ വികസനത്തിനു മൂന്നു കോടി, കാക്കാത്തുരുത്തി-കൂത്തുമാക്കല്‍ ഷട്ടര്‍ നിര്‍മാണത്തിനു 10 കോടി, കെട്ടുചിറ സ്ലൂയിസ് കം ബ്രിഡ്ജ് നിര്‍മാണത്തിനു 15 കോടി, പുളിക്കലച്ചിറ പാലം നിര്‍മാണത്തിനു ഒരു കോടി എന്നിങ്ങനെയായിരുന്നു പദ്ധതികള്‍. ഇതില്‍ പടിയൂര്‍-പൂമംഗലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പടിയൂര്‍ കോടംകുളം-പുളിക്കല്‍ചിറ പാലത്തിന്റെ പുനര്‍നിര്‍മാണത്തിനു മുന്നോടിയായുള്ള ജിയോളജിക്കല്‍ സര്‍വെ പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ മറ്റു പദ്ധതികളുടെ കാര്യത്തില്‍ ഒരു നടപടികളും അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഏറ്റവും വലിയ കോള്‍പ്പാടങ്ങളില്‍ ഒന്നാണു 250 ഹെക്ടര്‍ വരുന്ന പൂമംഗലം-പടിയൂര്‍ കോള്‍. ഇതില്‍ 75 ശതമാനം സ്ഥലവും 30 വര്‍ഷത്തിലേറെയായി കൃഷി ചെയ്യാതെ കിടക്കുകയാണ്. മുമ്പു ഒട്ടേറെ പ്രോജക്ടുകള്‍ തയാറാക്കിയെങ്കിലും ഒന്നും പ്രാവര്‍ത്തികമായില്ല. പടിയൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ട കാട്ടൂര്‍ തെക്കുംപാടം പാടശേഖരത്തിനു കെഎല്‍ഡിസി പദ്ധതികള്‍ കിട്ടിയിട്ടുണ്ടെങ്കിലും ഷണ്മുഖം കനാല്‍ മുതല്‍ തെക്കോട്ട് കെട്ടുചിറ വരെയുള്ള പാടശേഖരങ്ങളില്‍ ഒരു പദ്ധതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്നു കര്‍ഷകര്‍ പറഞ്ഞു. 1994 ല്‍ നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്തു ലഭിച്ച 25 ലക്ഷമാണ് എടക്കുളം-പടിയൂര്‍-പൂമംഗലം കോള്‍ മേഖലയ്ക്കു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ആകെ കിട്ടിയ പദ്ധതി. എടക്കുളം വടക്കേകോള് പുഞ്ചപ്പാടം ഇപ്പോള്‍ തരിശില്ലാതെ നിലനില്‍ക്കുന്നതിനു പിന്നില്‍ ഈ പദ്ധതിയാണ്. പിന്നീടു പടിയൂര്‍ ഗ്രാമപഞ്ചായത്തിനു ലഭിച്ച ലോക ബാങ്ക് സഹായത്തില്‍ നിന്നും അഞ്ചു വെര്‍ട്ടിക്കല്‍ പമ്പുസെറ്റുകള്‍ കോള്‍ മേഖലയില്‍ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള ഈ പദ്ധതികള്‍ യാഥാര്‍ഥ്യമായാല്‍ മേഖലയിലെ പാടശേഖരങ്ങളില്‍ വെള്ളക്ഷാമമുണ്ടാകില്ലെന്നും പൂമംഗലം-പടിയൂര്‍ കോള്‍മേഖല അതിന്റെ പഴയ പ്രതാപത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്നുമാണു കര്‍ഷകര്‍ പറയുന്നത്.