ക്രൈസ്റ്റില്‍ കേരള കലാലയ ഭിന്നശേഷി ദിനാചരണവും സവിഷ്കാര പുരസ്കാര സമര്‍പ്പണവും
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് കേരളത്തിലെ വിവിധ കലാലയങ്ങളിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തുന്ന കലാലയ ഭിന്നശേഷി ദിനം ഫാ. ജോസ് തെക്കന്‍ മെമ്മോറിയല്‍ സെമിനാര്‍ ഹാളില്‍ വെച്ച് നടത്തി. വിവിധ കലാലയങ്ങളില്‍ നിന്ന് ക്ഷണിച്ച നോമിനികളില്‍ നിന്നും മികച്ച പ്രകടനം കാഴ്ചവെച്ച തൃശൂര്‍ കേരളവര്‍മ കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ശ്രീകുട്ടനാണ് സവിഷ്കാര അവാര്‍ഡിന് അര്‍ഹനായത്. അവാര്‍ഡ് ഫലകവും സമ്മാന തുകയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സവിഷ്കാര പുരസ്കാരം. ക്രൈസ്റ്റ് കോളജ് മാനേജര്‍, ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. ജോളി ആന്‍ഡ്രൂസ്, ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ റവ.ഫാ. ജോയ് പീണിക്കപ്പറമ്പില്‍, ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.കെ.വൈ. ഷാജു, സെല്‍ഫ് ഫിനാന്‍സിങ്ങ് ഡയറക്ടര്‍ റവ. ഫാ. ഡോ. വില്‍സണ്‍ തറയില്‍, തവനിഷ് പ്രസിഡന്റ് ആയ മുഹമ്മദ് ഹാഫിസ് എന്നിവര്‍ പ്രസംഗിച്ചു. സ്റ്റാഫ് കോഡിനേറ്റര്‍സ് പ്രഫ. മുവിഷ് മുരളി, പ്രഫ. റീജ യൂജീന്‍, പ്രഫ. ആല്വിന് തോമസ്, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍സ് ശ്യാമ് കൃഷ്ണ, പാര്‍വണ എന്നിവര്‍ സന്നിഹിതരായിരുന്നു.