ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നായക്ക് തുണയായി ഇരിങ്ങാലക്കുട നഗരസഭ
കൗണ്‍സിലറും നായയുടെ സംരക്ഷണം എറ്റെടുത്ത് നഗരസഭ ജീവനക്കാരിയും.
ഇരിങ്ങാലക്കുട: ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നായക്ക് തുണയായി നഗരസഭ കൗണ്‍സിലറും നായയുടെ സംരക്ഷണം എറ്റെടുത്ത് നഗരസഭ ജീവനക്കാരിയും. ബസ് സ്റ്റാന്റ് കെട്ടിടത്തിലുള്ള എംഎല്‍എ ഓഫീസിന്റെ മുന്നില്‍ എതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നഗരസഭ കൗണ്‍സിലര്‍ സന്തോഷ് ബോബന് നായയെ കണ്ടെത്തിയത്. സമീപത്തുള്ള കടയിലെ ജീവനക്കാര്‍ ബിസ്ക്കറ്റും മറ്റും നല്‍കിയിരുന്നുവെങ്കിലും അധികം കഴിച്ചിരുന്നില്ല. സ്റ്റാന്റില്‍ ഓരോ വണ്ടി വരുമ്പോഴും കെട്ടിടത്തിലെ അരമതിലില്‍ ഉയര്‍ന്ന് നിന്ന് നായ തന്റെ ഉടമസ്ഥനെ തേടുകയായിരുന്നുവെന്ന് കൗണ്‍സിലര്‍ പറയുന്നു. തുടര്‍ന്ന് സമീപത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് നല്കിയ കൗണ്‍സിലര്‍ നഗരസഭ ജീവനക്കാരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നായയുടെ ചിത്രങ്ങള്‍ സഹിതം പങ്ക് വയ്ക്കുകയായിരുന്നു. വിവരമറിഞ്ഞ നഗരസഭ റവന്യൂ വിഭാഗത്തിലെ ജീവനക്കാരി ശാലിനി നായയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നു. മൃഗസംരക്ഷകന്‍ കൂടിയായ ചാത്തമ്പിള്ളി ശ്രീകുമാറിന്റെ സഹായത്തോടെ നായയെ കൗണ്‍സിലര്‍ വീട്ടിലെത്തിച്ച് കുളിപ്പിച്ച് ഭക്ഷണം നല്‍കുകയും മൃഗാശുപത്രിയില്‍ കൊണ്ട് പോയി പ്രതിരോധ കുത്തിവയ്പ്പും എടുത്ത് സര്‍ട്ടിഫിക്കറ്റുമടക്കം നഗരസഭ ഓഫീസില്‍ എത്തിക്കുകയായിരുന്നു. നഗരസഭ മന്ദിരത്തിന്റെ മുന്നില്‍ നടന്ന ചടങ്ങില്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി നായയെ ജീവനക്കാരി ശാലിനിക്ക് കൈമാറി.ചടങ്ങില്‍ കൗണ്‍സിലര്‍മാരും ജീവനക്കാരും പങ്കെടുത്തു.