മോര്‍ച്ചറിയുണ്ട്, മൃതദേഹം വെക്കാന്‍ സ്ഥലമില്ല
ഇരിങ്ങാലക്കുട: സ്ഥലപരിമിതിയില്‍ നട്ടംതിരിഞ്ഞ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറി കെട്ടിടം. വിശാലമായ ആശുപത്രി കോമ്പൗണ്ടില്‍ വടക്കേ അറ്റത്താണു പതിറ്റാണ്ടുകളുടെ പഴക്കമുള്ള മോര്‍ച്ചറി കെട്ടിടം നില്‍ക്കുന്നത്. ആശുപത്രി വികസനത്തിന്റെ ഭാഗമായി 2003 മെയ് അഞ്ചിന് മന്ത്രി ചേര്‍ക്കുളം അബ്ദുള്ള ഉദ്ഘാനം ചെയ്തതാണ് ഈ മോര്‍ച്ചറി. ചെറിയ കെട്ടിടത്തില്‍ മൃതദേഹം സൂക്ഷിക്കാനായി ആകെയുള്ളതു സന്നദ്ധസംഘടന നല്കിയ ഒരു ഫ്രീസര്‍ മാത്രമാണ്. ഒന്നിലധികം പേരുടെ മൃതദേഹങ്ങള്‍ സൂക്ഷിക്കേണ്ട സ്ഥിതിയുണ്ടായാല്‍ തീയാളുന്നത് അധികൃതരുടെ നെഞ്ചിലാണ്. ഒരു മൃതദേഹം മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഫ്രീസറില്‍ വെയ്ക്കാന്‍ സാധിക്കൂ. രണ്ടാമത്തെ മൃതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്യുന്ന മേശയില്‍ കിടത്തേണ്ട അവസ്ഥയാണ്. കോവിഡ് പശ്ചാത്തലത്തില്‍ മറ്റ് ആശുപത്രികള്‍ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാകുന്നില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിന് ആവശ്യമായ സൗകര്യവും ഈ കെട്ടിടത്തിലില്ല. അഞ്ചു പേരുടെയെങ്കിലും മൃതദേഹം സൂക്ഷിക്കാനുള്ള സൗകര്യമെങ്കിലും മോര്‍ച്ചറിയില്‍ ഉണ്ടാകണമെന്നാണു ഡോക്ടര്‍മാരടക്കമുള്ള വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. മോര്‍ച്ചറിയുടെ വികസനവുമായി ബന്ധപ്പെട്ട് പലവട്ടം പദ്ധതികള്‍ സമര്‍പ്പിച്ചിട്ടും ഒരു നടപടിയും ആയില്ല. ഇന്‍ക്വസ്റ്റ് നടത്താന്‍ എത്തുന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലപരിമിതിമൂലം ബുദ്ധിമുട്ടുകയാണ്. പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനു ഫോറന്‍സിക് സര്‍ജനെ നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്. സംശയാസ്പദമായ മരണങ്ങളില്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനു ഫോറന്‍സിക് സര്‍ജനാണു നിയമപരമായ അധികാരം. ഈ ഘട്ടത്തില്‍ തൃശൂരിലേക്കു മൃതദേഹം കൊണ്ടുപോകുന്നതിനെച്ചൊല്ലി മരിച്ചവരുടെ ബന്ധുക്കളും അധികൃതരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവാണ്. ജില്ലയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലും ജില്ലാ ജനറല്‍ ആശുപത്രിയിലുമാണു ഫോറന്‍സിക് സര്ജനുള്ളത്. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിക്കു മാസ്റ്റര്‍ പ്ലാന്‍ തയാറായി വരുന്നുണ്ടെങ്കിലും മോര്‍ച്ചറിയുടെ നവീകരണം അടിയന്തരപ്രാധാന്യം അര്‍ഹിക്കുന്നതാണ്.