അതേ മൈതാനം-കാല്പന്തുകളിയിലെ പഴയ പടക്കുതിരകള്‍ വീണ്ടും മങ്ങാടിക്കുന്നിലെ ഗ്രൗണ്ടില്‍ ഒത്തുചേര്‍ന്നു
ഇരിങ്ങാലക്കുട: അവരുടെ ഓര്‍മകളിലിപ്പോഴും ആരവമുയര്‍ന്നിരുന്ന പഴയ സ്റ്റേഡിയമുണ്ട്. കളിക്കളം കീഴടക്കി തിളങ്ങിനിന്ന ഭൂതകാലത്തിന്റെ ത്രസിപ്പിക്കുന്ന സ്മരണകളാണു മങ്ങാടിക്കുന്നിന്റെ പുല്‍ത്തകിടിയില്‍ ക്രൈസറ്റ് കോളജിലെ പഴയകാല ഫുട്ബോള്‍ താരങ്ങള്‍ ഒത്തുകൂടിയപ്പോള്‍ അവരിലുണര്‍ത്തിയത്. ഇരു ടീമുകളായി നടന്ന മത്സരം തികച്ചും ഒരു സൗഹൃദ മത്സരമായിരുന്നുവെങ്കിലും തങ്ങളുടെ പഴയകാല വീറും വാശിയും ഒരു തരി പോലും ചോര്‍ന്നുപോയിട്ടില്ലെന്നു തെളിയിക്കുന്നതായിരുന്നു. ഒത്തുകൂടിയപ്പോഴുള്ള ഇവരുടെ സംസാരം പോലും ഫുട്ബോളിനെ കുറിച്ചായി. 60-ാമത് ക്രൈസ്റ്റ് കോളജ് കണ്ടംകുളത്തി ലോനപ്പന് സ്മാരക ട്രോഫിക്കും, ടി.എല്‍. തോമസ് സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള സൗത്ത് ഇന്ത്യന്‍ ഇന്റര്‍ കൊളീജിയേറ്റ്്് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായാണു പഴയകാല ഫുട്ബോള്‍ താരങ്ങള്‍ ക്രൈസ്റ്റ് കോളജ് ഗ്രൗണ്ടില്‍ അണിനിരന്നത്. പഴയകാല കായിക താരങ്ങളുടെ അപൂര്‍വ നിമിഷങ്ങളായിരുന്നു അത്. ക്രൈസ്റ്റിന്റെ മുന്‍കാല ഫുട്ബോള്‍ താരങ്ങളും നൂറിന്റെ നിറവില്‍ നില്ക്കുന്ന ചങ്ങനാശേരി സെന്റ് ബര്ക്കുമെന്റ്സ് കോളജിലെ മുന്‍കാല ഫുട്ബോള്‍ താരങ്ങളും തമ്മിലായിരുന്നു സൗഹൃദമത്സരം. ക്രൈസ്റ്റ് കോളജ് ടീമിന്റെ നായകനായി രാജ്യാന്തര താരമായ എം.എം. ജേക്കബിന്റെ നേതൃത്വത്തിലും ചങ്ങനാശേരി സെന്റ് ബര്ക്കുമെന്റ്സ് കോളജിന്റെ ടീമിനു വേണ്ടി രാജ്യാന്തര താരമായ കെ.ടി. ചാക്കോയുടെയും നേതൃത്വത്തില്‍ ഇറങ്ങിയ ടീമുകള്‍ തമ്മില്‍ നടന്ന സൗഹൃദമത്സരത്തില്‍ 2-1 ന് ക്രൈസ്റ്റ് ടീം വിജയിച്ചു. സൗഹൃദമത്സരത്തിന്റെ ഉദ്ഘാടനം രാജ്യാന്തരതാരവും കോച്ചുമായ വിക്ടര്‍ മഞ്ഞില നിര്‍വഹിച്ചു. പയസ് കണ്ടംകുളത്തി, അഡ്വ.ടി.ജെ. തോമസ്, കോളജ് മുന്‍ കായികവകുപ്പ് മേധാവി പ്രഫ.കെ.ജെ. തോമസ്, കായികവകുപ്പ് മേധാവി ഡോ. ബിന്ദു ടി. കല്യാണ്‍, ഡോ.വി.എ. തോമസ്, എം.എന്‍. നിധിന്, ജാസ്മിന് സണ്ണി, കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നിരവധി മുന്‍ ദേശാന്തര-സംസ്ഥാന-യൂണിവേഴ്സിറ്റി താരങ്ങളുടെ സൗഹൃദ-സംഗമവേദിയായതിലൂടെ മങ്ങാടിക്കുന്നിലെ താഴ്വാരം കാല്പന്തുകളിയുടെ ആരവം കൊണ്ട് മുഖരിതമായി. ഫുട്ബോള്‍ സ്റ്റേഡിയത്തിന് അവസരം ലഭിച്ചു. കോച്ചുമാരെയും മുന്‍കാല പ്രമുഖ താരങ്ങളുടെയും സാന്നിധ്യം വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്ക് അവരെ കാണാനും സംസാരിക്കാനും സൗഹൃദം സൃഷ്ടിക്കാനും അവസരം നല്‍കുന്നതായിരുന്നു.