ഇരിങ്ങാലക്കുട ഠാണാ-ചന്തക്കുന്ന് വികസനം; സാമൂഹികാഘാത പഠനത്തിനു തുടക്കമായി
കരട് റിപ്പോര്‍ട്ട് 10 ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കും; പദ്ധതിയോട് അനുകൂല പ്രതികരണങ്ങളെന്നു വിവരശേഖരണ സംഘം
ഇരിങ്ങാലക്കുട: ഠാണാ-ചന്തക്കുന്ന് വികസനം യാഥാര്‍ഥ്യമാക്കുന്നതിന്റെ മുന്നോടിയായുള്ള സാമൂഹികാഘാത പഠനത്തിനു തുടക്കമായി. സാമൂഹികാഘാത പഠനം നടത്താന്‍ സംസ്ഥാനത്ത് അക്രഡിറ്റേഷനുള്ള 20 ഏജന്‍സികളിലൊന്നായ കണൂര് അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ അസിസ്റ്റന്റ് പ്രഫ. കെ.വി. സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള 11 പേരടങ്ങുന്ന വിദഗ്ധ സംഘമാണു പഠനത്തിനു തുടക്കം കുറിച്ചിരിക്കുന്നത്. പദ്ധതി ബാധിതരായ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ചോദ്യാവലിയിലൂടെ ആദ്യഘട്ടത്തില്‍ വിവരശേഖരണം പൂര്‍ത്തിയാക്കും. പദ്ധതിക്കു ഭൂമി വിട്ടു കൊടുക്കാനുള്ള സന്നദ്ധതയും ഭൂമിയുടെ വിശദാംശങ്ങളും കുടുംബാംഗങ്ങളുടെ വരുമാന മാര്‍ഗങ്ങളും ആരോഗ്യസ്ഥിതിയും അടക്കമുള്ള ചോദ്യങ്ങളാണു വിവരശേഖരണത്തിനുള്ള ഫോറത്തിലുള്ളത്. 10 ദിവസത്തിനുളളില്‍ കരട് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. തുടര്‍ന്ന് അഞ്ചു ദിവസത്തിനുള്ളില്‍ പൊതുജനാഭിപ്രായം തേടികൊണ്ടുള്ള അദാലത്ത് നടത്തും. ചര്‍ച്ചകള്‍ കഴിഞ്ഞു നാലു ദിവസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് കളക്ടര്‍ക്കു കൈമാറും. ആകെ 33 ദിവസത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. ആദ്യഘട്ട പ്രതികരണങ്ങള്‍ അനുകൂലമായിരുന്നുവെന്നു 20 ഓളം പേരില്‍ നിന്നു തേടിയ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ കെ.വി. സെബാസ്റ്റ്യന്‍ പറഞ്ഞു. നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര്. വിജയയും പഠനസംഘത്തോടൊപ്പം ഉണ്ടായിരുന്നു.