വയോജന പുരസ്കാര നേട്ടത്തില്‍ ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണല്‍
ഇരിങ്ങാലക്കുട: വയോജന സംരക്ഷണ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വയോസേവന അവാര്‍ഡ് നേട്ടവുമായി ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണല്‍. കേരളത്തിലെ 27 ട്രൈബ്യൂണലുകളില്‍ നിന്നാണു മികച്ച രീതിയില്‍ വയോജനസംരക്ഷണ നിയമം നടപ്പിലാക്കിയതിന് ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണലിനെ തെരഞ്ഞെടുത്തിരിക്കുന്നത്. സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ചെയര്‍പേഴ്സണും സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി വൈസ് ചെയര്‍പേഴ്സണും സാമൂഹ്യനീതി ഡയറക്ടര്‍ കണ്‍വീനറും കേരള സാമൂഹ്യ സുരക്ഷാ മിഷന് എക്സിക്യുട്ടീവ് ഡയറക്ടര്‍, സംസ്ഥാന വയോജന കണ്‍വീനര്‍ അമരവിള രാമകൃഷ്ണന് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണു പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. വയോജനക്ഷേമവും സംരക്ഷണവും ഏറ്റവും ഫലപ്രദമായി ഉറപ്പുവരുത്തുന്നതിന്റെ ആവശ്യകത മുന്‍നിര്‍ത്തിയാണു കേരള സര്‍ക്കാര്‍ ഈ വര്‍ഷം മുതല്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വയോസേവന അവാര്‍ഡ് നല്കി ആദരിക്കുന്നത്. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഈ മേഖലയില്‍ കാര്യക്ഷമവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെയ്ക്കുന്നവര്‍ക്കു പ്രോത്സാഹനം നല്‍കുന്നതും അംഗീകാരം നല്‍കുന്നതും ഈ മേഖലയിലെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ആത്മവിശ്വാസം വളര്‍ത്താനും ഊര്‍ജം പകരാനും പ്രയോജനമാകും. സെക്ഷന്‍ ക്ലാര്‍ക്ക് ഐ.ആര്. കസ്തൂര്‍ബായ്, സാമൂഹ്യനീതി വകുപ്പ് ടെക്നിക്കല്‍ അസിസ്റ്റന്റ് മാര്‍ഷല്‍ സി. രാധാകൃഷ്ണന്, സീനിയര്‍ സൂപ്രണ്ടുമാര്‍, ജൂണിയര്‍ സൂപ്രണ്ടുമാര്‍ എന്നിവര്‍ നേതൃത്വം നല്കുന്ന സംഘമാണു പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതെന്നും ആര്‍ഡിഒ എം.എച്ച്. ഹരീഷ് അറിയിച്ചു.
570 പരാതികളില്‍ 407 എണ്ണത്തിനു പരിഹാരം കണ്ടെത്തി
2018 മെയ് 28 നു പ്രവര്‍ത്തനമാരംഭിച്ചതോടെ ലഭിച്ച 570 പരാതികളില്‍ 407 എണ്ണത്തിനു പരിഹാരം കണ്ടിട്ടുണ്ട്. തൃശൂര്‍ ആര്‍ഡിഒ കാര്യാലയത്തില്‍ നിന്നും കൈമാറി ലഭിച്ച 147 പരാതികള്‍ കൂടാതെ പുതിയതായി ലഭിച്ച 46 അപേക്ഷകള്‍ അടക്കം മൊത്തം 193 പരാതികളില്‍ 95 എണ്ണം തീര്പ്പുകല്പിച്ചിരുന്നു. 2019 ല്‍ ആകെ 235 അപേക്ഷകളില്‍ 209 അപേക്ഷകള്‍ തീര്പ്പുകല്പിക്കുകയും 2020 വര്‍ഷത്തില്‍ ആകെ 128 അപേക്ഷകളില്‍ 50 അപേക്ഷകള്‍ തീര്പ്പുകല്പിക്കുകയും ചെയ്തിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാരുടെ ജീവിതം സുരക്ഷിതമാക്കുന്നതിനും മക്കളില്‍ നിന്നും ജീവനാംശം ലഭ്യമാക്കുന്നതിനും ചികില്‍സ, ഭക്ഷണം, സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനും ശാരീരിക മാനസിക പീഡനങ്ങള്‍ക്കുള്ള നിയമസംരക്ഷണം നല്‍കാനും അശരണരായ വയോധികരെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നു സുരക്ഷിതരായി പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. വയോജന ക്ഷേമം മുന്‍നിറുത്തി ബോധവത്കരണ പരിപാടികള്‍, സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി ബോധവത്കരണ ക്ലാസുകള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് തദ്ദേശസ്ഥാപനങ്ങള്‍ക്കും പോലീസ്, ആരോഗ്യവകുപ്പ് എന്നിവര്‍ക്കും വയോജന സംരക്ഷണം ഉറപ്പു വരുത്തുന്നതിനായുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനും വയോക്ഷേമ കോള്‍ സെന്റര്‍ വഴി ഇടപെടലുകള്‍ നടത്താനും ട്രൈബ്യൂണല്‍ വഴി സാധിച്ചിട്ടുണ്ട്. വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി അവധി ദിനങ്ങളില്‍ കലാ-വിനോദ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.