മലക്കപ്പാറ അടിച്ചില്‍ത്തൊട്ടി കോളനിയില്‍ ഭക്ഷ്യകിറ്റും ടോര്‍ച്ചും വിതരണം ചെയ്തു തവനിഷ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹ്യ സേവന സംഘടനയായ തവനിഷ് മലക്കപ്പാറ അടിച്ചില്‍ത്തൊട്ടി കോളനി നിവാസികള്‍ക്കായി പച്ചക്കറികളും ധാന്യങ്ങളും അടങ്ങുന്ന ഭക്ഷ്യകിറ്റുകളും ടോര്‍ച്ച് ചാലഞ്ചു വഴി സംഭരിച്ച തുകയില്‍ നിന്നു ടോര്‍ച്ചുകളും വിതരണം ചെയ്തു. അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിജേഷ് ഭക്ഷ്യകിറ്റിന്റെയും ടോര്‍ച്ചിന്റെയും വിതരണോദ്ഘാടനം നിര്‍വഹിച്ചു. ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ കോളനിയിലെ വിദ്യാര്‍ഥികള്‍ക്കു ക്രൈസ്റ്റ് കോളജില്‍ സൗജന്യ പഠനത്തിനുള്ള അവസരം വാഗ്ദാനം ചെയ്തു. പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു വാഴക്കാല, മലക്കപ്പാറയിലെ സാമൂഹിക പ്രവര്ത്തകന് ലത്തീഫ്, തവനിഷ് സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ അസിസ്റ്റന്റ് പ്രഫ. മൂവിഷ് മുരളി, സുവോളജി വിഭാഗം മേധാവി ഡോ. സുധീര്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തവനിഷിന്റെ സ്റ്റാഫ് കോ-ഓര്‍ഡിനേറ്ററായ മൂവിഷ് മുരളി കോളനി നിവാസികളുടെ തനത് ഭാഷ അന്യംനിന്നു പോകാതിരിക്കാന്‍ കോളജിലെ മലയാള വിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമെന്നും മേഖലയിലെ വിവരശേഖരണത്തിനായി പഞ്ചായത്ത് അധികൃതരെ സഹായിക്കാന്‍ തവനിഷ് വൊളന്റിയര്‍മാരെ അടിച്ചില്ത്തൊട്ടിയിലേക്ക് അയക്കാമെന്നും വാഗ്ദാനം ചെയ്തു.