സമ്പൂര്‍ണ മാലിന്യമുക്ത പരിസരം എന്ന ലക്ഷ്യവുമായി കാട്ടൂരില്‍ ഉറവിട മാലിന്യ സംസ്കരണ പദ്ധതിക്കു തുടക്കമായി
കാട്ടൂര്‍: പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യ സംസ്കരണ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനു ജൈവമാലിന്യ സംസ്കരണ പദ്ധതിക്കു കാട്ടൂര്‍ പഞ്ചായത്തില്‍ തുടക്കം കുറിച്ചു. സമ്പൂര്‍ണ മാലിന്യമുക്ത പരിസരം എന്ന ലക്ഷ്യം കൈവരിക്കുന്നതിനു പഞ്ചായത്ത് മുന്‍ വര്‍ഷങ്ങളില്‍ തുടങ്ങി വെച്ച പരിപാടിയുടെ ഭാഗമായാണ് ഈ വര്‍ഷം വീടുകളില്‍ നിന്നുള്ള ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്നതിനുള്ള പദ്ധതിക്കു തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി അടുക്കളയില്‍ നിന്നുള്ള മാലിന്യം വളമാക്കി മാറ്റുന്നതിനുള്ള ബയോ കമ്പോസ്റ്റര്‍ ബിന്നുകളും കമ്പോസ്റ്റ് മീഡിയയും വിതരണം ചെയ്തു. തുടക്കത്തില്‍ 150 വീടുകളിലാണ് ഈ സംവിധാനം വിതരണം ചെയ്യുന്നത്. അടുത്ത വര്‍ഷം എല്ലാ വീടുകള്‍ക്കും ബയോ കമ്പോസ്റ്റ് ബിന്നുകളും അനുബന്ധ സാമഗ്രികളും വിതരണം ചെയ്യും. 150 ഗുണഭോക്താക്കള്‍ക്കു മാലിന്യം വളമാക്കി മാറ്റുന്നതിനുള്ള പരിശീലനവും ഇതോടൊപ്പം നല്കി. 2,70,000 രൂപയാണ് ഈ വര്‍ഷം ഗാര്‍ഹിക ജൈവമാലിന്യ സംസ്കരണ പദ്ധതിക്കു വകയിരുത്തിയിട്ടുള്ളത്. പഞ്ചായത്തിന്റെ ഹരിതകര്‍മസേന മുഖേനയാണ് ഈ പദ്ധതിക്കുവേണ്ട മീഡിയം കമ്പോസ്റ്റര്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ വിതരണം ചെയ്യുന്നത്. ജൈവമാലിന്യ സംസ്കരണ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന് നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.വി. ലത അധ്യക്ഷത വഹിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിമല സുഗുണന്, പഞ്ചായത്തംഗങ്ങളായ ഇ.എല്‍. ജോസ്, മോളി പിയൂസ്, ജയശ്രീ സുബ്രഹ്മണ്യന്, ഹരി ഉണ്ണികൃഷ്ണന്, രമാഭായ് ടീച്ചര്‍, പഞ്ചായത്ത് സെക്രട്ടറി എം.എച്ച്. ഷാജിക്, വൈസ് പ്രസിഡന്റ് സി.സി. സന്ദീപ്, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഒഫീസര്‍ പ്രജിത പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. ഐആര്‍ടിസി പ്രതിനിധി പ്രമോദ് പരിശീലനത്തിനു നേതൃത്വം നല്കി.