ആര്‍ദ്രകേരളം പുരസ്കാരം; വേളൂക്കരയ്ക്ക് ജില്ലയില്‍ ഒന്നാം സ്ഥാനം
ഇരിങ്ങാലക്കുട: ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ 2020-21 വര്‍ഷത്തെ ആര്‍ദ്രകേരളം പുരസ്കാരം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് പ്രഖ്യാപിച്ചതില്‍ വേളൂക്കര ഗ്രാമപഞ്ചായത്ത് ജില്ലയില്‍ ഒന്നാമതെത്തി. നവകേരള കര്‍മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമായി ആര്‍ദ്രകേരളം പുരസ്കാരം നല്‍കുന്നത്. അഞ്ചു ലക്ഷം രൂപയാണ് പ്രതിഫലം. ആരോഗ്യമേഖലയില്‍ ചെലവഴിച്ച തുക സാന്ത്വന പരിചരണ പരിപാടികള്‍, കായകല്പ പ്രതിരോധ കുത്തിവയ്പ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍, മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയ നൂതന ആശയങ്ങള്‍, പൊതുസ്ഥലത്തെ മാലിന്യ നിര്‍മാര്‍ജ്ജനം എന്നിവയാണ് പുരസ്കാരത്തിന് പരിഗണിച്ച ഘടകങ്ങള്‍. ആരോഗ്യവകുപ്പ് ജീവനക്കാരുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും മുഴുവന്‍ ജനപ്രതിനിധികളുടേയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് പ്രസിഡന്റ് കെ.എസ്. ധനീഷ് അറിയിച്ചു.