തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും സഹകരണത്തോടെ നഗരസഭ വാര്‍ഡ് 35 ല്‍ ജൈവപച്ചക്കറി കൃഷി

ഇരിങ്ങാലക്കുട: തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും സഹകരണത്തോടെ നഗരസഭ വാര്‍ഡ് 35 ല്‍ നടപ്പിലാക്കിയ ജനകീയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. വിഷരഹിത പച്ചക്കറി വീട്ടുമുറ്റത്തു എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വാര്‍ഡിന്റെ നേതൃത്വത്തില്‍ മുഴുവന്‍ വീടുകളിലും 25 വീതം പച്ചക്കറി തൈകള്‍ കൊടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. ആദ്യഘട്ടത്തില്‍ 100 വീടുകളില്‍ വിതരണം ചെയ്യുന്നതിനായി 2500 പച്ചക്കറി തൈകള്‍ തയാറാക്കുന്നുണ്ട്. വാര്‍ഡ് കൗണ്‍സിലറും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ സി.സി. ഷിബിന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ എം.എസ്. സഞ്ജയ്, കൃഷി ഓഫീസര്‍ ആന്‍സി, സിഡിഎസ് മെമ്പര്‍ സുനിത പ്രദീപ്, തൊഴിലുറപ്പ് മേറ്റ് ബീന കാടശേരി, സ്ഥലം ഉടമ പുഷ്പാംഗദന് മുന്‍ കൗണ്‍സിലര്‍ വല്‍സല ശശി, ഐ.ആര്. ബൈജു, വി.എസ്. സജി എന്നിവര്‍ പ്രസംഗിച്ചു.