ആദ്യ വേനല്‍ മഴയില്‍ തന്നെ ഇരിങ്ങാലക്കുട മേഖലയില്‍ കനത്ത നാശനഷ്ടം
ഇരിങ്ങാലക്കുട: ശക്തമായ കാറ്റില്‍ ഇരിങ്ങാലക്കുട മേഖലയില്‍ പലയിടത്തും മരം വീണ് വൈദ്യുതിക്കാലുകള് ഒടിഞ്ഞ് വൈദ്യുതി തടസപ്പെട്ടു. ബുധനാഴ്ച വൈകീട്ടുണ്ടായ കാറ്റിലായിരുന്നു അപകടങ്ങള്‍. തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ വലിയ പാലത്തിനു സമീപം മരം ഒടിഞ്ഞ് കാറിന് മുകളിലേക്ക് വീണു. റോഡിനോട് ചേര്‍ന്നുള്ള പറമ്പിലെ മരമാണ് വീണത്. കാര്‍ യാത്രക്കാര്‍ക്ക് പരിക്കില്ല. മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇരിങ്ങാലക്കുടയില്‍നിന്ന് അഗ്നിരക്ഷാസേന എത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതതടസം നീക്കിയത്. സംഭവം അറിഞ്ഞ് സ്ഥലത്തേക്ക് പോയ അഗ്നിരക്ഷാസേന കരുവന്നൂര്‍ ബംഗ്ലാവിന് സമീപം റോഡിലേക്ക് വീണുകിടന്നിരുന്ന മരം മുറിച്ചുനീക്കിയാണ് സ്ഥലത്തെത്തിയത്. വലിയ പാലത്തിന് സമീപം മരം മുറിച്ചുനീക്കുന്നതിനിടയില് റോഡിനോടു ചേര്‍ന്നുള്ള താഴ്ചയിലേക്ക് വീണ് ഫയര്മാന് പരിക്കേറ്റു. ലീഡിങ് ഫയര്മാന് എം.എന്‍. സുധനാണ് പരിക്കേറ്റത്. നടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്ന സുധനെ ആദ്യം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേക്കും അവിടെ നിന്ന് കൊടുങ്ങല്ലൂരിലേക്കും കൊണ്ടുപോയി. കാറളം ചെമ്മണ്ടയില്‍ തെങ്ങ് 11 കെ.വി. ലൈനിന് മുകളിലേക്ക് വീണ് മൂന്ന് വൈദ്യുതിക്കാലുകള് ഒടിഞ്ഞു. ഇരിങ്ങാലക്കുടയില്‍നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തെങ്ങ് മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. ഇവിടെ വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല. അരിപ്പാലത്ത് രണ്ടിടത്ത് വൈദ്യുതിക്കാലുകള് ഒടിഞ്ഞുവീണ് വൈദ്യുതിവിതരണം തടസപ്പെട്ടു. ഇന്നലെ വൈകീട്ടോടെയാണ് വൈദ്യുതി പൂര്‍ണമായും പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞത്. കാറളം പ്രദേശത്ത് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വിരുത്താക്കപറമ്പില് സൈമണിന്റെ 500 നേന്ത്ര വാഴകള്‍ നശിച്ചു. രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കരുതുന്നു. ആനന്ദപുരം ലിറ്റില്‍ ഫഌര്‍ പള്ളിപ്പറമ്പിലെ മുപ്പതോളം ജാതിമരങ്ങള്‍ കടപുഴകി വീണ് വന്‍നാശനഷ്ടമുണ്ടായി. കൂടാതെ വാഴ, കവുങ്ങ് അടക്കമുള്ള ഫലവൃക്ഷങ്ങള്‍ കടപുഴകിയും ഒടിഞ്ഞുവീണ നിലയിലുമാണ്. പഞ്ചായത്ത് പ്രസിഡന്റ ജോസ് ചിറ്റിലപ്പിള്ളി, വാര്‍ഡ് മെമ്പര്‍ സുനില്‍ കുമാര്‍, വില്ലേജ് ഓഫീസര്‍ ജോളി, കൃഷി ഓഫീസര്‍ രാധിക തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കരുവന്നൂര്‍ സ്വാശ്രയകര്‍ഷക സമിതിയിലെ കര്‍ഷകരുടെ കുലക്കാറായതും കുലച്ചതുമായ നാലായിരത്തോളം വാഴകള്‍ അതിശക്തമായ കാറ്റിലും മഴയിലും നശിച്ചുപോയി. ആറാട്ടുപുഴ, കൊക്കിരിപ്പള്ളം, കരുവന്നൂര്‍ കിഴക്കേ പുഞ്ചപ്പാടം പ്രദേശത്തുമാണ് കൂടുതല്‍ നാശനഷ്ടം സംഭവിച്ചത്. ഏകദേശം 40 ഓളം കര്‍ഷകര്‍ക്കാണ് നാശം സംഭവിച്ചത്. പുഴേക്കടവില്‍ രവി, കല്ലേരി കാഞ്ഞിരക്കാടന്‍ ജെയിംസ്, തെക്കൂടന്‍ പോള്‍, തളിയക്കാട്ടില്‍ വേലായുധന്, കല്ലേരി കാഞ്ഞിരക്കാടന്‍ ആന്റു, പുരയാറ്റുപറമ്പില്‍ കുട്ടന്, പേച്ചേരി ശ്രീനി, പെരുമ്പിലാപുറമ്പില് കുമാരന്, മുല്ലപ്പിള്ളി കുട്ടന്, മണക്കുന്നത്ത് മനോജ്, ഒക്ടോബര്‍ മാസത്തില്‍ വെള്ളം കയറി ഒരു മാസം പ്രായമുള്ള വാഴ നശിച്ചുപോയപ്പോള്‍ വീണ്ടും നട്ട് ഇതുവരെ എത്തിയ വാഴയാണ് നശിച്ചുപോയത്. കര്‍ഷകര്‍ വളരെയധികം ദുരിതത്തിലാണ്. സര്‍ക്കാര്‍ അടിയന്തിരമായി സഹായം ലഭ്യമാക്കണമെന്ന് സമിതി പ്രസിഡന്റ് കെ.സി. ജെയിംസ് ആവശ്യപ്പെട്ടു.