വൃക്ഷമുത്തശ്ശി തനിച്ചായി; 113 വര്‍ഷം പഴക്കമുള്ള വടക്കുംകര ഗവ. യുപി സ്കൂള്‍ കെട്ടിടം പൊളിച്ചുനീക്കി
സ്കൂളിനോടു ചേര്‍ന്നുള്ള പഴയ നെയ്ത്തുശാലയും ഓര്‍മയായി
പൊളിച്ചുനീക്കിയ സ്ഥലത്തു പ്രീ-പ്രൈമറി സമുച്ചയവും ചില്‍ഡ്രന്‍സ് പെഡഗോജിക്കല്‍ പാര്‍ക്കും റീഡിംഗ് റൂമും ക്രമീകരിക്കും
കല്പറമ്പ്: 1909 ല്‍ സ്ഥാപിച്ച വടക്കുംകര ഗവ. സ്കൂളിന്റെ നിലവിലുണ്ടായിരുന്ന പഴയ കെട്ടിടസമുച്ചയവും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനായി തക്ലിയില് നൂല് നൂല്‍ക്കാനായി സ്ഥാപിച്ച നെയ്ത്തുശാലയും പൊളിച്ചുമാറ്റി. 145 വര്‍ഷം പഴക്കമുള്ള നാട്ടുമാവ് മാത്രം തനിച്ചായി. പൊളിച്ചുനീക്കിയ വിശാലമായ സ്ഥലത്തു സമഗ്രശിക്ഷ കേരളയുടെ സഹകരണത്തോടെ പ്രീ-പ്രൈമറി സമുച്ചയവും ചില്‍ഡ്രന്‍സ് പെഡഗോജിക്കല്‍ പാര്‍ക്കും റീഡിംഗ് റൂമും ക്രമീകരിക്കാനുള്ള തയാറെടുപ്പിലാണു ഗ്രാമപഞ്ചായത്തും വിദ്യാലയവും. സെന്റ് മേരീസ് ഫൊറോന ചര്‍ച്ചുമായി ബന്ധപ്പെട്ടു പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയം 1952 ലാണു രജിസ്റ്റര്‍ ചെയ്തു സര്‍ക്കാര്‍ വിദ്യാലയമായി മാറിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നിര്‍മിച്ച 10 ക്ലാസ് മുറികളുള്ള മൂന്നുനില കെട്ടിടം ഉദ്ഘാടനം ചെയ്തതോടെ ഹൈടെക് സ്മാര്‍ട്ട് വിദ്യാലയമായി മാറി. അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ നവീകരിച്ചു തയാറാക്കി സ്കൂളിനെ കൂടുതല്‍ ജനകീയമാക്കി മാറ്റാനുള്ള ശ്രമങ്ങളാണു നടന്നുവരുന്നതെന്നു പ്രധാനാധ്യാപകന് ടി.എസ്. സജീവന് അറിയിച്ചു.