കലാകാരി മന്‍സിയ നൃത്തമവതരിപ്പിച്ചു
ഇരിങ്ങാലക്കുട: നൃത്താവതരണത്തിന് അനുമതി നിഷേധിക്കപ്പെട്ട കലാകാരിക്ക് സംഗമേശന്റെ മണ്ണില്‍ തന്നെ നൃത്താവതരണത്തിന് വേദിയൊരുക്കി. കൂടല്‍മാണിക്യ ക്ഷേത്രോല്‍സവ പരിപാടികളില്‍ ഇടം പിടിക്കുകയും പിന്നീട് കലാകാരിയായ മന്‍സിയ ഒഴിവാക്കപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് രാഷ്ട്രീയ, സാംസ്കാരിക കേന്ദ്രങ്ങളില്‍ നിന്ന് കടുത്ത പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. ഇരിങ്ങാലക്കുട ടൗണ്‍ ഹാള്‍ മുറ്റത്താണ് മന്‍സിയക്ക് നൃത്തത്തിന് വേദിയൊരുക്കിയത്. കലാകാരന്മാര്ക്ക് വേണ്ടി ജനാധിപത്യ മതേതര വേദികള്‍ കൂടുതല്‍ ഉയരട്ടെയെന്നും കോരിച്ചൊരിഞ്ഞ മഴയെയും അവഗണിച്ച് ടൗണ്‍ ഹാള്‍ മുറ്റത്ത് എത്തിയ സദസ്സിനെ സാക്ഷിയാക്കിയുള്ള മന്‍സിയയുടെ വാക്കുകള്‍ നവോത്ഥാന കേരളത്തിന് കരുത്ത് പകരുന്നതായി. അപരന്റെ സ്വരം മധുരസംഗീതമായി മാറുന്ന കാലത്തിനായി കാതോര്ക്കാമെന്ന കലാകാരിയുടെ വാക്കുകള്‍ സദസ്സ് ആവേശത്തോടെ എറ്റുവാങ്ങി. എട്ട് മണിയോടെ വേദിയില്‍ എത്തിയ മന്‍സിയയെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആദരിച്ചു. തുടര്‍ന്ന് വേദിയില്‍ ന്യത്താവതരണം നടന്നു. പരിപാടിക്ക് മുന്‍പായി നടന്ന സാംസ്കാരിക സദസ്സ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് അധ്യക്ഷത വഹിച്ചു. കവി ഗോപീകൃഷ്ണന്,എഴുത്തുകാരി രേണു രാമനാഥന്, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷ്, ജില്ലാ പ്രസിഡന്റ് കെ വി രാജേഷ്, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ എന്‍ വി വൈശാഖന് , സംഘാടക സമിതി ചെയര്മാന് വി എ മനോജ്കുമാര്‍, ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി പി കെ മനുമോഹന്‍, ബ്ലോക്ക് പ്രസിഡന്റ് ഐ വി സജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പി ബി അനൂപ് സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം ആര് എല്‍ ശ്രീലാല്‍ നന്ദിയും പറഞ്ഞു.