കോന്തിപുലം ഷട്ടര്‍ കം സ്ലൂയിസ്: ഡിപിആര്‍ തയാര്‍, ഇനി പണം വേണം
മാടായിക്കോണം: കോന്തിപുലം കെഎല്‍ഡിസി കനാലിനു കുറുകെ ഷട്ടര്‍ കം സ്ലൂയിസ് സ്ഥിരം തടയണയ്ക്കു വേണ്ടിയുള്ള വിശദപദ്ധതിരേഖ (ഡിപിആര്‍) തയാറാക്കിയതായി മേജര്‍ ഇറിഗേഷന്‍ വകുപ്പ്. പതിനൊന്നര കോടി രൂപയുടെ പദ്ധതിയാണു തയാറാക്കിയിരിക്കുന്നത്. മലബാര്‍ ഇറിഗേഷന്‍ പ്രോജക്ടിനു വേണ്ടി തയാറാക്കിയ പദ്ധതിയുടെ മാതൃകയിലാണു കോന്തിപുലത്തു ഷട്ടര്‍ കം സ്ലൂയിസ് ഒരുക്കുന്നത്. വീതി കൂടിയ നാലു ഷട്ടറുകളടങ്ങിയതാണു സ്ലൂയിസ്. പദ്ധതിക്കായി ഏറ്റവും പുതുക്കിയ നിരക്കിലാണ് ഇറിഗേഷന്‍ വകുപ്പ് ഡിപിആര്‍ തയാറാക്കിയിരിക്കുന്നത്. എന്നാല്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ആവശ്യമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുതിയ ബജറ്റില്‍ കോന്തിപുലം പാടം സ്ഥിരം തടയണ നിര്‍മാണം പദ്ധതി ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ടോക്കണ്‍ മണിയായി 100 രൂപ മാത്രമാണു വെച്ചിരിക്കുന്നത്. പതിനൊന്നര കോടിയുടെ പദ്ധതിയില്‍ 20 ശതമാനമെങ്കിലും തുക അനുവദിച്ചെങ്കില്‍ മാത്രമെ പദ്ധതി ആരംഭിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സ്ഥിരം തടയണ നിര്‍മിച്ചാല്‍ ഇരിങ്ങാലക്കുട നഗരസഭ, മുരിയാട്, പറപ്പൂക്കര, വേളൂക്കര, ആളൂര്‍ എന്നിവിടങ്ങളിലായുള്ള 4500 ഏക്കര്‍ കോള്‍പ്പാടങ്ങളിലെ കൃഷിക്കു ജലസേചനത്തിനു വെള്ളം സംഭരിക്കാന്‍ എളുപ്പം കഴിയും. നിലവില്‍ ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ഓരോ വര്‍ഷവും കൃഷിയാവശ്യത്തിനു വെള്ളം സംഭരിക്കാന്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പ് താത്കാലിക തടയണ നിര്‍മിക്കുന്നത്. താത്കാലിക തടയണ പൊട്ടുന്നതും സ്ഥിരം സംഭവമാണ്. ഈ പ്രശ്നത്തിനു ശാശ്വതപരിഹാരം ഉണ്ടാക്കണമെന്നു കാലങ്ങളായി കര്‍ഷകര്‍ ആവശ്യപ്പെട്ടുവരികയാണ്. പദ്ധതിക്കായി എസ്റ്റിമേറ്റ് തയാറാക്കാന്‍ ഇറിഗേഷന്‍ വകുപ്പ് വൈകുന്നതിനെതിരെ കഴിഞ്ഞ മുകുന്ദപുരം താലൂക്ക് വികസന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. പദ്ധതിയുടെ ഫൈനല്‍ എസ്റ്റിമേറ്റ് തയാറാക്കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ പദ്ധതി യാഥാര്‍ഥ്യമാകാന്‍ ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ അനുവദിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ മന്ത്രിയടക്കമുള്ള ജനപ്രതിനിധികള്‍ അടിയന്തരമായി ഇടപെടണമെന്നാണു കര്‍ഷകരുടെ ആവശ്യം.