അവശതയില്‍ കഴിഞ്ഞിരുന്ന അമ്മയ്ക്ക് സംരക്ഷണമുറപ്പാക്കി മെയിന്റനനന്‍സ് ട്രൈബ്യൂണല്‍ ഇരിങ്ങാലക്കുടയും സാമൂഹ്യനീതി വകുപ്പും
ഇരിങ്ങാലക്കുട: വാര്‍ധക്യ സഹജമായ അവശതയില്‍ കഴിഞ്ഞിരുന്ന അമ്മയ്ക്കു മെയിന്റനന്‍സ് ട്രൈബ്യുണല്‍ ഇരിങ്ങാലക്കുടയും സാമൂഹ്യനീതിവകുപ്പും ചേര്‍ന്നു സംരക്ഷണമുറപ്പാക്കി. പൊറിത്തിശേരി സ്വദേശി വയോധികയായ പാറപ്പുറത്ത് വീട്ടില്‍ അമ്മിണി (76) ഭക്ഷണം, ചികിത്സ എന്നിവ ലഭിക്കാതെ അനാരോഗ്യത്താല്‍ വീട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞു വരുന്നതായി വാര്‍ഡ് കൗണ്‍സിലറായ മായ അജയന് ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യുണലിനെ അറിയിക്കുകയായിരുന്നു. വിധവയും വയോധികയുമായ അമ്മിണിയുടെ ഏകമകനായ രവി കഴിഞ്ഞ ഒരു വര്‍ഷക്കാലമായി കുടുംബ തര്‍ക്കങ്ങള്‍ മൂലം മാറിത്താമസിക്കുകയാണ്. മൂന്നു വര്‍ഷം മുമ്പു പ്രമേഹം ബാധിച്ച് അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നു പരസഹായമില്ലാതെ എഴുന്നേറ്റു നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ ആയിരുന്നു അമ്മിണിയുടെ ജീവിതം. അയല്‍വാസികളും സുമനസുകളുമായിരുന്നു ഭക്ഷണം എത്തിച്ചു നല്‍കിയിരുന്നത്. വയോധികയുടെ ഈ ദുരവസ്ഥ അറിഞ്ഞ ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ആന്‍ഡ് ആര്‍ഡിഒ എം.എച്ച്. ഹരീഷ് മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് മാര്‍ഷല്‍ സി. രാധാകൃഷ്ണനോടു വയോധികയുടെ നിലവിലെ ജീവിതസാഹചര്യം അന്വേഷിച്ച് അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിര്‍ദേശം നല്കി. അമ്മിണിയെ താത്കാലികമായി പുനരധിവസിപ്പിക്കുന്നതാണ് ഉചിതമെന്ന തീരുമാനത്തില്‍ എത്തുകയും ഇരിങ്ങാലക്കുട ശാന്തിസദനം ഓള്‍ഡ് ഏജ് ഹോമിലേക്കു പ്രവേശിപ്പിക്കാന്‍ ഇരിങ്ങാലക്കുട മെയിന്റനനന്‍സ് ട്രൈബ്യൂണല്‍ ആന്‍ഡ് ആര്‍ഡിഒ എം.എച്ച്. ഹരീഷ് ഉത്തരവ് നല്‍കുകയായിരുന്നു. അമ്മിണിയെ ഇരിങ്ങാലക്കുട ശാന്തിസദനം ഓള്‍ഡ് ഏജ് ഹോമിലേക്കു പ്രവേശിപ്പിച്ചു. ഓള്‍ഡ് ഏജ്ഹോം സുപ്പീരിയര്‍ സിസ്റ്റര്‍ സ്മിത മരിയ, കറസ്പോണ്ടന്റ് സിസ്റ്റര്‍ മെര്ലിന് ജോസ് എന്നിവര്‍ ആര്‍ഡിഒ നിര്‍ദേശ നടപടികള്‍ പൂര്‍ത്തീകരിച്ച് അമ്മിണിയെ സ്ഥാപനത്തില്‍ സ്വീകരിച്ച് സംരക്ഷണം ഏറ്റെടുത്തു.