തനതായ നെല്‍വയല്‍ സംരക്ഷിക്കുന്നതിന് കര്‍ശന നിലപാട് സ്വീകരിക്കും: മന്ത്രി കെ. രാജന്
ഇരിങ്ങാലക്കുട: തണ്ണീര്‍തട സംരക്ഷണ നിയമത്തില്‍ ചില പ്രയോഗികവും, അനിവാര്യവുമായ മാറ്റം വരുത്തുന്നതോടൊപ്പം തനതായ നെല്‍വയലുകള്‍ സംരക്ഷിക്കുന്നതിനു ഗവണ്മെന്റ് കര്‍ശന നിലപാടുകള്‍ സ്വീകരിക്കുമെന്നു കേരള റവന്യു മന്ത്രി കെ. രാജന് പ്രസ്ഥാവിച്ചു. നെല്‍കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനു പ്രത്യേക ഫണ്ട് നീക്കിവക്കുമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. സിപിഐ ജില്ലാ സമ്മേളനത്തിത്തിലേക്ക് ആവശ്യമായ ഭക്ഷ്യവിഭവങ്ങള്‍ ഉത്പാദിപ്പിക്കുന്നതിന്റെ ഭാഗമായി വി.കെ. മോഹനന് കാര്‍ഷിക സംസ്കൃതിയുടെ സംഘാടനത്തില്‍ നെല്‍വിത്ത് വിതക്കല്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്ര സ്മരണകള്‍ ഉറങ്ങുന്ന നടവരമ്പിലെ കണ്ണംപൊയ്ചിറ പാടശേഖരത്തിലാണു വിത്ത് വിതച്ചത്. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി വി.എസ്. സുനില്‍കുമാര്‍, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.ആര്. രമേഷ്കുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍, മണ്ഡലം സെക്രട്ടറി പി. മണി, കാര്‍ഷിക സംസ്കൃതി കണ്‍വീനര്‍ കെ.കെ. രാജേന്ദ്ര ബാബു, എന്‍.കെ. ഉദയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.