കെഎപി രണ്ടാം ബറ്റാലിയനിൽ നിയമനം കാത്ത് 450 പേർ
ഇരിങ്ങാലക്കുട: സിവിൽ പോലീസ് ഒാഫീസർ റാങ്ക് പട്ടികയിൽ നിന്നു തൃശൂർ-പാലക്കാട് ജില്ലകളിൽപ്പെട്ട കെഎപി രണ്ടാം ബറ്റാലിയനിലേക്കു നിയമനം കാത്ത് 450 പേർ. 2017 ലെ പിഎസ്സി വിജ്ഞാപനമനുസരിച്ച് 2019 ജൂലൈ ഒന്നിനാണു ലിസ്റ്റ് നിലവിൽ വന്നത്. ആദ്യ ബാച്ചിനു എട്ടുമാസത്തിനു ശേഷമാണു ജോലിയിൽ പ്രവേശിക്കാനായത്. ശേഷിക്കുന്നവർക്കു ഇതുവരെയും ഉത്തരവ് ലഭിച്ചിട്ടില്ല. ജൂൺ 30 നു ലിസ്റ്റിന്റെ കാലാവധി പൂർത്തിയായി. കോവിഡ് പ്രതിസന്ധി കാരണം ജൂൺ 18 വരെ കാലാവധിയുണ്ടായിരുന്ന പിഎസ്സി പട്ടികകൾ നീട്ടിയെങ്കിലും സിവിൽ പോലീസ് ഒാഫീസർ പട്ടികയുടെ കാലാവധി നീട്ടിയിട്ടില്ല. കാലാവധി നീട്ടി തങ്ങൾക്ക് അവസരം നല്കണമെന്നാണു ഉദ്യോഗാർഥികളുടെ ആവശ്യം. 2019 ജൂലൈ ഒന്നിനു ലിസ്റ്റ് നിലവിൽ വന്നെങ്കിലും ആ മാസം തന്നെ പിഎസ്സി പരീക്ഷത്തട്ടിപ്പ് വിവാദമുണ്ടായി. യൂണിവേഴ്സിറ്റി കത്തികുത്ത് കേസുമായി ബന്ധപ്പെട്ട് നാലര മാസം ലിസ്റ്റ് മരവിപ്പിച്ചു. എന്നാൽ, മരവിപ്പിച്ച ഇൗ കാലയളവ് നീട്ടി നല്കാത്തതിനാൽ നാലര മാസം ഉദ്യോഗാർഥികൾക്കു നഷ്ടമായി. കാലാവധി തീരുന്നതിനു മൂന്നു മാസം മുമ്പു കോവിഡ് വ്യാപനവുമായതോടെ മൂന്നുമാസവും നടഷ്ടപ്പെട്ടു. 12 മാസം കാലാവധിയുള്ള ലിസ്റ്റിന്റെ സിംഹഭാഗം നഷ്ടപ്പെട്ടിട്ടും സിപിഒ ലിസ്റ്റ് മാത്രം നീട്ടി നല്കാൻ സർക്കാർ തയാറായില്ല. ഒഴിവുകളെല്ലാം നികത്തിയെന്നാണു പോലീസ് വകുപ്പിൽ അന്വേഷിക്കുമ്പോൾ ലഭിക്കുന്ന മറുപടിയെന്നു ഉദ്യോഗാർഥികൾ പറഞ്ഞു. എന്നാൽ, കെഎപി രണ്ടാം ബറ്റാലിയനിൽ നിലവിൽ 650 ലേറെ ഒഴിവുകളുണ്ടെന്നു വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖയിൽ വ്യക്തമാക്കുന്നു. ജൂൺ 17 നു സർക്കാർ താത്കാലിക പോലീസ് ട്രെയിനി തസ്തിക അനുവദിച്ചെങ്കിലും അതിലേക്കും ഇവർക്ക് നിയമനം ലഭിച്ചില്ല. റാങ്ക് പട്ടികയുടെ കാലാവധി തീരുന്നതിനു മുമ്പ് 2019 ഡിസംബറിൽ പിഎസ്സി വീണ്ടും വിജ്ഞാപനം പുറപ്പെടുവിച്ചതിൽ അട്ടിമറി നടന്നിട്ടുണ്ടെന്നും ഉദ്യോഗാർഥികൾ പറയുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ ഹർജി നല്കിയിട്ടുണ്ട്. പട്ടികയിൽ നിന്നു 74 ശതമാനം നിയമനം നടത്തിയെന്നാണു സർക്കാരിന്റെ അവകാശവാദം. എന്നാൽ 51 ശതമാനം നിയമനം നടത്തിയിരിക്കുന്നതെന്നു ഉദ്യോഗാർഥികൾ പറഞ്ഞു.