വിജയത്തേരിലേറി വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍
സാമൂഹിക പ്രതിബദ്ധതയുള്ള നല്ല പൗരന്മാരെ വാര്‍ത്തെടുക്കുന്നതിലൂടെ നാടിന്റെ സമഗ്രവികസനം സാധ്യമാക്കുന്നതില്‍ ഒരു നല്ല വിദ്യാലയത്തിനുള്ള പങ്ക് സാക്ഷ്യപ്പെടുത്തുകയാണ് വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍. ഇരിങ്ങാലക്കുടയുടെ വിദ്യാഭ്യാസ ഭൂപടത്തില്‍ തിളങ്ങുന്ന സ്ഥാനം അലങ്കരിക്കുന്ന ഈ വിദ്യാലയം മികവിന്റെ പടവുകള്‍ ഓരോന്നായി പിന്നിട്ടുകൊണ്ടിരിക്കുന്നു.
സ്വച്ഛശാന്തമായ ക്യാമ്പസ്
പ്രകൃതി രമണീയമായ വെള്ളാനി ഗ്രാമത്തില്‍ ശാന്തമായ അന്തരീക്ഷത്തില്‍ എല്ലാവിധ അത്യാധുനിക പഠന സൗകര്യങ്ങളോടുകൂടി നിലകൊള്ളുന്ന ഈ വിദ്യാലയം പഠനത്തിനു അനുകൂല സാഹചര്യം ഒരുക്കുന്നു. അനുദിനം മാറികൊണ്ടിരിക്കുന്ന അറിവിന്റെ ലോകം വിദ്യാര്‍ഥികളിലെത്തിക്കാന്‍ നൂതനമായ സ്മാര്‍ട്ട് ക്ലാസ്, ആധുനിക സൗകര്യങ്ങളോട് കൂടിയ സയന്‍സ്, മാത്സ്, ലാബുകള്‍, വിപുലമായ ലൈബ്രറി എന്നിവ ഒരുക്കിയിരിക്കുന്നു.
സമഗ്രവികസനം എന്ന ലക്ഷ്യത്തോടെ
വിദ്യാര്‍ഥികളുടെ കായികശേഷി വര്‍ധിപ്പിക്കാനും ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാനും സ്കൂള്‍ അധികൃതര്‍ ബദ്ധശ്രദ്ധരാണ്. ക്രിക്കറ്റ്, ഫുട്ബോള്‍, ബാഡ്മിന്റണ്‍, ഖൊഖൊ, കബഡി അത്ലറ്റിക്സ് തുടങ്ങിയ ഇനങ്ങളില്‍ കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് പ്രത്യേക പരിശീലനം നല്കി വരുന്നു. സഹോദയ സംഘടിപ്പിക്കുന്ന വിവിധ കായിക മത്സരങ്ങളില്‍ പങ്കെടുപ്പിച്ച് കുട്ടികള്‍ക്ക് അവരുടെ മികവ് തെളിയിക്കാന്‍ അവസരങ്ങളും നല്കി വരുന്നു. കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യം വച്ച് യോഗ, കരാട്ടെ, ക്ലാസിക്കല്‍ ഡാന്‍സ്, വെസ്റ്റേണ്‍ ഡാന്‍സ്, ക്ലാസിക്കല്‍ മ്യൂസിക്, കീബോര്‍ഡ്, ഗിറ്റാര്‍, വയലിന്, ചെസ് എന്നീ ഇനങ്ങളില്‍ മികവുറ്റ അധ്യാപകര്‍ പരിശീലനം നല്കുന്നു. വര്‍ഷങ്ങളായി സഹോദയ കലാമത്സരങ്ങളില്‍ നിറ സാന്നിധ്യമാണ് സെന്റ് ഡൊമിനിക്കിലെ ചുണകുട്ടികള്‍. പാഠ്യപാഠ്യേതര വിഷയങ്ങളില്‍ തങ്ങളുടെ കുട്ടികള്‍ക്ക് മികച്ച പരിശീലനം തന്നെ ലഭിക്കണം എന്നാഗ്രഹിക്കുന്ന മാതാപിതാക്കള്‍ക്ക് ആത്മവിശ്വാസത്തോടെ തിരഞ്ഞെടുക്കാവുന്ന ഒരു വിദ്യാലയമാണ് വെള്ളാനി സെന്റ് ഡൊമ്നിക് സ്കൂള്‍.
സാമൂഹിക പ്രതിബദ്ധത എന്ന സന്ദേശം
മാനുഷിക ബന്ധങ്ങളും മൂല്യങ്ങളും കുറഞ്ഞുവരുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സഹജീവി സ്നേഹം എന്ന സന്ദേശം കുട്ടികളില്‍ എത്തിക്കുന്നതില്‍ സ്കൂള്‍ അധികൃതര്‍ പ്രതിജ്ഞാബദ്ധരാണ്. പ്രളയദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ സ്കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കൈ മെയ് മറന്ന് മുന്നിട്ടിറങ്ങിയപ്പോള്‍ ഉയര്‍ന്നുവന്നത് ഈ സാമൂഹിക പ്രതിബദ്ധതയുടെ പുതിയ സന്ദേശമാണ്.
വിജയത്തിളക്കത്തിന്റെ നിറവില്‍
ആദ്യ പത്താം ക്ലാസ് ബാച്ച് മുതല്‍ 100 ശതമാനം വിജയം നിലനിര്‍ത്തിപ്പോരുന്ന സെന്റ് ഡൊമിനിക് സ്കൂള്‍ പഠനനിലവാരത്തിന്റെ കാര്യത്തില്‍ മറ്റു പല സ്കൂളുകള്‍ക്കും മാതൃകയാണ്. പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികളെ പരിശീലിപ്പിക്കാന്‍ പ്രത്യേക സമയം കണ്ടെത്തുന്ന അര്‍പ്പണബോധമുള്ള അധ്യാപകരാണ് ഈ വിജയത്തിളക്കത്തിന്റെ മുഖ്യ ശില്പികള്. ഇവിടെയെത്തുന്ന ഓരോ വിദ്യാര്‍ഥികളുടെയും ഭാവി ഈ അധ്യാപകരുടെ കയ്യില്‍ സുരക്ഷിതമാണ്.