കൂടല്‍മാണിക്യം പടിഞ്ഞാറെ ഗോപുരം നവീകരണം പൂര്‍ത്തിയായി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തിന്റെ നവീകരണം പൂര്‍ത്തിയായി. ഭക്തരുടെ കൂട്ടായ്മയായ പടിഞ്ഞാറേ ഗോപുരം നവീകരണസമിതിയുടെ നേതൃത്വത്തില്‍ 102 കുടുംബങ്ങളില്‍ നിന്നായി 215 ഭക്തര്‍ ഒരുമിച്ചു ചേര്‍ന്നു 58 ലക്ഷം രൂപ ചെലവഴിച്ചാണു ഗോപുരത്തിന്റെ നവീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗോപുരത്തിന്റെ പഴമയും പ്രൗഢിയും നിലനിര്‍ത്തിക്കൊണ്ടുള്ള പഴയകാല തച്ചുശാസ്ത്രരീതി അനുസരിച്ചു വാസ്തുവിദഗ്ധന് പഴങ്ങാപ്പറമ്പ് ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ മേല്‍നോട്ടത്തിലായിരുന്നു ജോലികള്‍. 260 ക്യുബെക് മരം എന്ന കണക്കില്‍ നിന്നു 600 ക്യുബെക് മരം എടുക്കേണ്ടിവന്നു. 2021 ഒക്ടോബര്‍ 20 നാണു നവീകരണം തുടങ്ങിയത്. സുരേഷ് ഇലമ്പലക്കാട്ടിനായിരുന്നു മരപ്പണിയുടെ ചുമതല. 600 ക്യുബെക് മരം ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. വരിക്കപ്ലാവില് നിര്‍മിച്ചിരുന്ന ഗോപുരത്തിലെ കേടുവന്ന ശില്പങ്ങള് വരിക്കപ്ലാവിന് തടിയില്‍ത്തന്നെ പുനര്‍നിര്‍മിച്ചു. പാരമ്പര്യമായി നിര്‍മിക്കുന്ന ഔഷധക്കൂട്ട് ഉപയോഗിച്ച എണ്ണ മരഉരുപ്പടികളില്‍ തേച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നളിന്‍ ബാബു എസ്. മേനോന്, അയ്യപ്പന് പണിക്കവീട്ടില്‍, കെ. കൃഷ്ണദാസ്, ചന്ദ്രമോഹന് മേനോന്, ഇ.എസ്.ആര്. മേനോന്, എന്‍. വിശ്വനാഥമേനോന്, കെ.എന്‍. മേനോന്, കൃഷ്ണകുമാര്‍ കണ്ണമ്പിള്ളി, ജയശങ്കര്‍ പായ്ക്കാട്ട്, വി.പി. രാമചന്ദ്രന് എന്നീ 11 അംഗ കമ്മിറ്റിയാണു നവീകരണ ജോലികള്‍ക്കു നേതൃത്വം നല്‍കിയത്.