‘കൂടല്‍മാണിക്യത്തില്‍ കൂടാം’ ഉത്സവഗാനമൊരുങ്ങി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് 10 ദിനരാത്രങ്ങള്‍ നീണ്ടു നില്ക്കുന്ന പ്രദേശത്തെ ഏറ്റവും വലിയ ആഘോഷത്തെ വരവേല്‍ക്കാന്‍ ഉത്സവഗാനം ഒരുക്കി. ഇരിങ്ങാലക്കുടയിലെ ഒരു കൂട്ടം സംഗീതപ്രേമികളായ കലാകാരന്മാരാണ് ഇത് ഒരുക്കിയത്.
എഴുത്തുകാരനും അധ്യാപകനുമായ പ്രവീണ്‍ എം. കുമാര്‍ രചിച്ച ഉത്സവഗാനത്തിന് ഈണം നല്കിയിരിക്കുന്നതും ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നതും പ്രശാന്ത് ശങ്കറാണ്. ഇരിങ്ങാലക്കുട സ്വദേശിയും നടനുമായ സച്ചിത്ത് മ്യൂസിക്കല്‍ ആല്‍ബത്തിലെ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ബിഡിഎസ് വിദ്യാര്‍ഥിനിയായ അശ്വതി തിയോടൊപ്പം രജനീഷ് ചാക്യാര്‍, രാജീവ് വാര്യര്‍ എന്നിവരും പ്രധാന വാദ്യകലാകാരന്മാരും ഏതാനും കുട്ടികളും ഈ ഉത്സവഗാനത്തിന്റെ ഭാഗമാകുന്നുണ്ട്. മായ ലക്ഷ്മി, ഡിനു ഡേവീസ്, പ്രശാന്ത് ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കാമറാമാനായ സിബി കൊടുങ്ങല്ലൂര്‍ എഡിറ്റര്‍ മെന്റോസ് ആന്റണി, മേക്കപ്പ്മേന് ജിജു കൊടുങ്ങല്ലൂര്‍ എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉത്സവാഘോഷങ്ങളുടെ മുഴുവന്‍ ചേരുവയും ഉള്‍പ്പെടുത്തി തയാറാക്കിയ ‘കൂടല്‍മാണിക്യത്തില്‍ കൂടാം’ എന്ന ഗാനം എസ്സാര്‍ മീഡിയയുടെ ബാനറിലാണു നിര്‍മിച്ചിരിക്കുന്നത്. ഉത്സവഗാനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു പ്രകാശനം ചെയ്തു.