മഴക്കെടുതി: ഉടന്‍ നടപടികള്‍; ആശങ്ക വേണ്ട: മന്ത്രി ഡോ. ആര്. ബിന്ദു

കനത്ത മഴയെ തുടര്‍ന്ന് നാശനഷ്ടം നേരിട്ട ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ഉടന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു. കരുവന്നൂര്‍ ഇല്ലിക്കല്‍ ബണ്ട് റോഡിലും മുടിച്ചിറയ്ക്കുമാണ് കാര്യമായി തകര്‍ച്ച സംഭവിച്ചിരിക്കുന്നത്. അടിയന്തര പ്രാധാന്യത്തോടെ ഇടപെടാനാണ് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കൂടുതല്‍ ദുരന്തത്തിലേക്ക് വഴിവെക്കാതിരിക്കാന്‍ വേണ്ടത് എത്രയും പെട്ടെന്ന് ചെയ്യാന്‍ കളക്ടര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുന്നുണ്ട്. കാലതാമസം കൂടാതെതന്നെ പൂര്‍ണമായ നവീകരണ പ്രവൃത്തികളും നടത്തും. ഒരു പൊതുപരിപാടിയ്ക്കായി സംസ്ഥാനത്തിനു പുറത്തായതിനാല്‍ കളക്ടറും ജില്ലാ ഭരണാധികാരികളും അടക്കമുള്ള ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. ആരും ആശങ്കപ്പെടേണ്ടതില്ല. ഏതൊരു സാഹചര്യത്തെയും കൈകാര്യം ചെയ്യാന്‍ വേണ്ട നിര്‍ദേശങ്ങള്‍ കളക്ടര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രദേശത്തെ ജനപ്രതിനിധികള്‍ക്കും നല്‍കിയിട്ടുണ്ടെന്നും മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു.