കരുവന്നൂര്‍ പുഴയില്‍ ഇല്ലിക്കല്‍ റെഗുലേറ്ററിന് സമീപമുള്ള ബണ്ട് റോഡു വീണ്ടും തകര്‍ന്നു
കരുവന്നൂര്‍: കരുവന്നൂര്‍ ഇല്ലിക്കല്‍ റെഗുലേറ്റര്‍ ബണ്ട് റോഡ് വീണ്ടും തകര്‍ന്നു. കഴിഞ്ഞ പ്രളയകാലത്ത് റെഗുലേറ്ററിന് സമീപം തകര്‍ന്ന ഭാഗത്തുതന്നെയാണ് വീണ്ടും ഇടിഞ്ഞത്. അന്ന് റോഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് ഏറെ നാള് നിര്‍മാണമൊന്നും ഇറിഗേഷന്‍ വകുപ്പ് നടത്താത്തതിനെ തുടര്‍ന്ന് പ്രതിഷേധങ്ങള്‍ നടന്നിരുന്നു. പിന്നീട് എംപിയും മന്ത്രിയുമടക്കമുള്ള ഉന്നതാധികാരികള്‍ ഇടപെട്ടാണ് താല്‍ക്കാലികമായി മുളവച്ചുകെട്ടി മണല്‍ചാക്കുകളിട്ട് ബണ്ട് റോഡ് ബലപ്പെടുത്തിയത്. ആറുമീറ്റര്‍ ഉയരത്തില്‍ 30മീറ്റര്‍ നീളത്തില്‍ കരിങ്കല്ലുകെട്ടി സംരക്ഷിച്ചാല്‍ മാത്രമേ ബണ്ടിന് ശാശ്വതമായി ഉറപ്പുണ്ടാകൂ. ഇതിനായി റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി പ്ലാന്‍ തയാറാക്കി നല്‍കുന്നതിന് അന്ന് ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരോട് ബന്ധപ്പെട്ട അധികാരികള്‍ ആവശ്യപ്പെട്ടിരുന്നു. മൂര്‍ക്കനാട് കാറളം പ്രധാനറോഡില്‍ മഴക്കാലത്ത് വെള്ളം കയറുമ്പോള്‍ യാത്ര ചെയ്യാവുന്ന റോഡുകൂടിയാണിത്. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച റെഗുലേറ്ററിന് തൊട്ടടുത്ത് തന്നെയാണ് ബണ്ട് റോഡ് തകര്‍ന്നുവീണത് എന്നത് റെഗുലേറ്ററിനും അപകടഭീഷണിയാണ്. എത്രയും വേഗം പ്രശ്നത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.