ശ്രദ്ധയാകര്‍ഷിച്ച് പത്മശ്രീ ഡോ. സംഗീതകലാനിധി കന്യാകുമാരിയും സംഘവും അവതരിപ്പിച്ച സംഗീത വാദ്യ സമന്വയം, ഇന്ന് പള്ളിവേട്ട
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ച് പത്മശ്രീ ഡോ. സംഗീതകലാനിധി കന്യാകുമാരിയും സംഘവും അവതരിപ്പിച്ച സംഗീത വാദ്യ സമന്വയം ഏറെ ശ്രദ്ധയാകര്‍ഷിച്ചു. കലൈമാമണി മുടികൊണ്ടാന്‍ രമേശ് (വീണ), ട്രിപ്ലിക്കേന്‍ ശേഖര്‍ (തവില്‍), അനിരുദ്ധ് ആത്രേയ (ഗഞ്ചിറ) എന്നിവര്‍ കച്ചേരിക്കു മാറ്റുകൂട്ടി. ചടങ്ങില്‍ 2022 ലെ മാണിക്യശ്രീ പുരസ്കാരം പത്മശ്രീ ഡോ. കന്യാകുമാരിക്കു നല്കി. അല്പം പ്രതികൂലമായ കാലാവസ്ഥ ആയിരുന്നെങ്കിലും കേരള കലാമണ്ഡലം നര്‍ത്തകികളുടെയും ബാംഗ്ലൂരില്‍ നിന്നുള്ള സ്വപ്ന രാജേന്ദ്രന്റെയും മോഹിനിയാട്ട അവതരണങ്ങള്‍ ആസ്വദിക്കാന്‍ കലാസ്നേഹികള്‍ വന്നു ചേര്‍ന്നു. തുടര്‍ന്ന്, ലവണാസുരവധം, കിരാതം എന്നീ കഥകളികള്‍ അരങ്ങേറി. ഉച്ചമുതല്‍, ജനാര്ദ്ദനന് പുതുശേരി അവതരിപ്പിച്ച അനുഷ്ഠാന നാടന്‍പാട്ടുകള്‍, പവിത്ര ഭട്ട്, അപര്‍ണ ഭട്ടും സംഘവും അവതരിപ്പിച്ച ഭരതനാട്യം, ഗൗതം നാരായണന്, ഭരത് നാരായണന്, ദേവനാരായണന് എന്നിവരുടെ വയലിന് ത്രയം എന്നിവയും അരങ്ങേറി.
കൂടല്‍മാണിക്യത്തില്‍ ഇന്ന്-പള്ളിവേട്ട
രാവിലെ 8.30 മുതല്‍ ശീവേലി, ഉച്ചതിരിഞ്ഞു മൂന്നു മുതല്‍ നാലു വരെ ചമ്പൂത്ര എന്‍എസ്എസ് കരയോഗം അവതരിപ്പിക്കുന്ന തിരുവാതിരക്കളി, നാലു മുതല്‍ അഞ്ചു വരെ സന്ധ്യ വെങ്കിടേശ്വരന് അവതരിപ്പിക്കുന്ന ഭരതനാട്യം, വൈകീട്ട് അഞ്ചു മുതല്‍ രാത്രി 7.30 വരെ കലാനിലയം ഉദയന്‍ നമ്പൂതിരി, കല്ലൂര്‍ ഉണ്ണികൃഷ്ണന്, ചിറയ്ക്കല്‍ നിധീഷ് എന്നിവര്‍ അവതരിപ്പിക്കുന്ന തൃത്തായമ്പക, 7.30 മുതല്‍ 8.30 വരെ ശ്രീദിവ്യ ശ്രീനാഥും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം, 8.15 നു പള്ളിവേട്ടയ്ക്ക് എഴുന്നള്ളിപ്പ്, ഒമ്പതിനു പള്ളിവേട്ട ആല്ത്തറക്കല്, തുടര്‍ന്ന് പരക്കാട് തങ്കപ്പന് മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം, രാത്രി 11.30 നു പാണ്ടിമേളം, തുടര്‍ന്ന് അകത്തേക്ക് എഴുന്നള്ളിപ്പ്, പള്ളിക്കുറുപ്പ്, വൈകീട്ട് 5.30 നു കുലീപിനി തീര്ഥമണ്ഡപത്തില് നാരായണന് നമ്പ്യാര്‍ അവതരിപ്പിക്കുന്ന പാഠകം, 6.30 നു രാജീവ് വെങ്കിടങ്ങ് അവതരിപ്പിക്കുന്ന കുറത്തിയാട്ടം, രാവിലെ ശീവേലിക്കുശേഷം സന്ധ്യാവേലപ്പന്തലില്‍ രാജീവ് വെങ്കിടങ്ങ് അവതരിപ്പിക്കുന്ന ഓട്ടന്തുള്ളല്, വൈകീട്ട് 4.30 മുതല്‍ സോപാനസംഗീതം, സന്ധ്യക്ക് കേളി, നാഗസ്വരം, മദ്ദളപ്പറ്റ്, കൊമ്പുപറ്റ്, കുഴല്‍പ്പറ്റ് എന്നിവ ഉണ്ടാകും.