കരുവന്നൂര്‍ ബാങ്ക്: സര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി സിപിഐ സമ്മേളനം;
വിഷയം പരിഹരിക്കാന്‍ ജില്ലയിലെ മൂന്നു മന്ത്രിമാര്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്നും സമ്മേളനത്തില്‍ വിമര്‍ശനം
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു സിപിഐ പൊറത്തിശേരി ലോക്കല്‍ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. കോടികളുടെ തട്ടിപ്പ് പുറത്തു വന്നിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും കണ്‍സോര്‍ഷ്യം രൂപീകരിക്കുമെന്നും നിക്ഷേപകരുടെ പണം തിരിച്ചു നല്‍കുമെന്നുമുള്ള സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ യാഥാര്‍ഥ്യമായിട്ടില്ലെന്നു സമ്മേളനത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ജില്ലയില്‍ നിന്നുള്ള മൂന്നു മന്ത്രിമാര്‍ വേണ്ടത്ര ഇടപെടലുകള്‍ നടത്തുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. വിഷയവുമായി ബന്ധപ്പെട്ട് സിപിഐയുടെ നേതൃത്വത്തില്‍ സമരപരിപാടികള്‍ ആരംഭിക്കണമെന്നും ആവശ്യമുയര്‍ന്നു. മാടായിക്കോണം എന്‍എസ്എസ് സ്കൂളില്‍ നടന്ന സമ്മേളനം ജില്ലാ കൗണ്‍സില്‍ അംഗം കെ.എസ്. ജയ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, എന്‍.കെ. ഉദയപ്രകാശ്, എം.ബി. ലത്തീഫ്, കെ.കെ. ശിവന്, അല്‍ഫോണ്‍സ തോമസ്, പി.സി. മുരളീധരന്, കൃഷ്ണകുമാര്‍, അഡ്വ. ജയരാജ്, പി.സി. രാജീവ് എന്നിവര്‍ പ്രസംഗിച്ചു. ലോക്കല്‍ സെക്രട്ടറിയായി പി.ആര്. രാജനെയും അസിസ്റ്റന്റ് സെക്രട്ടറിയായി അല്‍ഫോണ്‍സ തോമസിനെയും സമ്മേളനം തെരഞ്ഞെടുത്തു. 10 ബ്രാഞ്ചുകളില്‍ നിന്നായി 73 പ്രതിനിധികളാണു രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ പങ്കെടുത്തത്.