പ്രവേശനോത്സവം ജാഗ്രതയോടെയും കാര്യക്ഷമതയോടെയും വര്ണാഭമായ് നടത്തണം-മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: ജൂണ്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തില്‍ നിലവിലെ സാഹചര്യങ്ങള്‍ക്കനുസരിച്ചു കാര്യക്ഷമമായ ആസൂത്രണമൊരുക്കി വിദ്യാലയങ്ങള്‍ തുറക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത മണ്ഡലത്തിലെ ജനപ്രതിനിധികള്‍, വിദ്യാഭ്യാസ ഓഫീസര്‍മാര്‍, പ്രിന്സിപ്പിള്മാര്, പ്രധാന അധ്യാപകര്‍ എന്നിവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. യോഗത്തില്‍ ആര്‍ഡിഡി അബ്ദുള്‍ കരീം, ഡിഡിഇ ടി.വി. മദനമോഹന്‍, ഡിഇഒ എന്‍.ഡി. സുരേഷ് എന്നിവര്‍ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതിനെക്കുറിച്ച് വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സീമ പ്രേംരാജ്, ജോസ് ജെ. ചിറ്റിലപ്പിള്ളി, കെ.എസ്. ധനീഷ്, ലത സഹദേവന് എന്നിവരും വിവിധ സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍, ഹെഡ്മിസ്ട്രസ് എന്നിവരും നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. കോവിഡ് കാലഘട്ടത്തില്‍ നടത്തിയ ഇടപെടലുകള്‍ തുടര്‍ന്നും ഉണ്ടാകണമെന്നും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും എല്ലാ വിദ്യാലയങ്ങളിലും ഭിന്നശേഷി കരുതല്‍ ഉണ്ടാകണമെന്നും 12-17 വയസ് വരെയുള്ള കുട്ടികളുടെ വാക്സിനേഷന് 100 ശതമാനം ആക്കണമെന്നും കെട്ടിടങ്ങളുടെ ഫിറ്റ്നസില്‍ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകരുതെന്നും പണി പൂര്‍ത്തീകരിക്കാനുള്ള വിദ്യാലയങ്ങളില്‍ അടിയന്തിരമായി പണികള്‍ പൂര്‍ത്തീകരിക്കണമെന്നും ജൂണ്‍ ഒന്നിനു മുമ്പ് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്കൂളുകള്‍ സന്ദര്‍ശിച്ചു മുന്നൊരുക്കങ്ങള്‍ വിലയിരുത്തണമെന്നും പ്രവേശനോത്സവം വര്‍ണാഭമായി നടത്തണമെന്നും യോഗത്തില്‍ തീരുമാനിച്ചു.