ഗ്ലോബല്‍ യൂത്ത് പാര്‍ലമെന്റിന്റെ 2022 ലെ ഗ്ലോബല്‍ യൂത്ത് ലീഡര്‍ഷിപ്പ് അവാര്‍ഡ് നെടുമ്പാള്‍ സ്വദേശിനി ക്ലെയര്‍ സി. ജോണിന്
ഇരിങ്ങാലക്കുട: ഗ്ലോബല്‍ യൂത്ത് പാര്‍ലമെന്റിന്റെ 2022 ലെ ഗ്ലോബല്‍ യൂത്ത് ലീഡര്‍ഷിപ്പ് അവാര്‍ഡിന് ഇരിങ്ങാലക്കുട നെടുമ്പാള്‍ സ്വദേശിനി ക്ലെയര്‍ സി. ജോണ്‍ അര്‍ഹയായി. നൂറിലധികം രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണു ഗ്ലോബല്‍ യൂത്ത് പാര്‍ലമെന്റ്. യുവജനങ്ങളുടെ മുന്നേറ്റത്തിനും ശാക്തീകരണത്തിനുമായി സാമൂഹിക മേഖലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണു പുരസ്കാരം. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ കൈറ്റ്സിന്റെ സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമാണു ക്ലെയര്‍ സി. ജോണ്‍. കൈറ്റ്സിലൂടെ നടത്തിയ വിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചു 2021 ലെ സിഇജിആര് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ പൂര്വവിദ്യാര്ഥിനിയായ ക്ലെയര്‍ സി. ജോണ്‍ നെടുമ്പാള്‍ ചിറയത്ത് മൂര്‍ക്കനാട്ടുകാരന്‍ സി.എ. ജോണിന്റെയും സി.വി. കൊച്ചുമേരിയുടെയും മകളാണ്. ജൂണ്‍ 23-26 തീയതികളിലായി ബാങ്കോക്കില്‍ വെച്ചു നടക്കുന്ന ഗ്ലോബല്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും.