കെസിബിസി മദ്യവിരുദ്ധസമിതി മധ്യമേഖല സമ്മേളനം ആളൂര്‍ നവചൈതന്യയില് നടത്തി
ആളൂര്‍: കെസിബിസി മദ്യവിരുദ്ധ സമിതി കോട്ടപ്പുറം, ഇരിങ്ങാലക്കുട, തൃശൂര്‍, പാലക്കാട്, രാമനാഥപുരം, സുല്‍ത്താന്‍പേട്ട് രൂപതകള്‍ ചേര്‍ന്ന മധ്യമേഖല സമ്മേളനം ഇരിങ്ങാലക്കുട രൂപതയിലെ ആളൂര്‍ നവചൈതന്യയില് വെച്ചു നടത്തി. ഇരിങ്ങാലക്കുട രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോയ് പാലിയേക്കര ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സാബു എടാട്ടുകാരന് അധ്യക്ഷത വഹിച്ചു. മേഖല ഡയറക്ടര്‍ റവ. ഡോ. ദേവസി പന്തല്ലുക്കാരന്‍ മുഖ്യപ്രഭാഷണം നടത്തി. രൂപത ഡയറക്ടര്‍ ഫാ. ജോണ്‍ പോള്‍ ഇയ്യന്നം അനുഗ്രഹപ്രഭാഷണം നടത്തി. ടി.എസ്. അബ്രഹാം പ്രമേയം അവതരിപ്പിച്ചു. ലഹരി വസ്തുക്കളുടെ ലഭ്യതയും ഉപയോഗവും വര്‍ധിപ്പിച്ചു സമൂഹത്തില്‍ കെടുതികള്‍ക്കു വഴിമരുന്നിടുന്ന സര്‍ക്കാരിന്റെ നിലവിലെ മദ്യ നയം ഉടനെ തിരുത്തുക, മദ്യ ലഭ്യതയെ സംബന്ധിച്ച് തെരഞ്ഞെടുപ്പു സമയത്തു സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുക, മദ്യശാലകള്‍ പുതിയതായി തുറക്കുമ്പോള്‍ ആവശ്യമായിരുന്നതും സര്‍ക്കാര്‍ എടുത്തുകളഞ്ഞതുമായ ദൂരപരിധി പുനസ്ഥാപിക്കുക, മദ്യശാലകള്‍ തുറക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്കു തിരിച്ചുനല്‍കുക, ഘട്ടം ഘട്ടമായി മദ്യ ലഭ്യത കുറച്ചുകൊണ്ടുവന്നു ഭരണഘടനാ നിര്‍ദേശിക്കും വിധം 47-ാം അനുച്ഛേദം നടപ്പില്‍ വരുത്തുക എന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബാബു മൂത്തേടന്, കെ.പി. ദേവസികുട്ടി, അന്തോണികുട്ടി ചെതലന്‍, സി.പി. ഡേവിസ്, രഞ്ജില്‍ തേക്കാനത്ത്, ജോസ് കല്ലിങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു. മദ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടിയ തൃശൂര്‍ അതിരൂപത സമിതിയെ ഉപഹാരം നല്കി ആദരിച്ചു.