വില്ലേജുകളില്‍- സൈറ്റ് കിട്ടാതായതോടെ നികുതി അടയ്ക്കാനാകുന്നില്ല
ഇരിങ്ങാലക്കുട: വില്ലേജുകളില്‍ റെലീസ് (റവന്യൂ ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) സൈറ്റ് കിട്ടാതായതോടെ നികുതി അടയ്ക്കാന്‍ കഴിയാതെ ജനം ബുദ്ധിമുട്ടുന്നു. അപ്ഡേഷന്റെ പേരില്‍ തിങ്കളാഴ്ച മുതലാണു റെലീസ് സൈറ്റ് കിട്ടാതായത്. വേഗത കുറവായതിനാല്‍ ഒരു നികുതിയും സമയത്തിന് അടയ്ക്കാന്‍ വില്ലേജുകള്‍ക്കു കഴിയുന്നില്ല. ഇതുമൂലം നൂറുകണക്കിനാളുകളാണു വില്ലേജ് ഓഫീസുകളിലും അക്ഷയകേന്ദ്രങ്ങളിലുമായി കയറിയിറങ്ങുന്നത്. പിഎം കിസാന്‍ സൈറ്റില്‍ സ്വന്തം പേരിലുള്ള ഭൂമിയുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനു നികുതി അടച്ചതിന്റെ രസീത് കിട്ടാന്‍ വേണ്ടിയാണു കര്‍ഷകര്‍ കൂടുതലായി വില്ലേജ് ഓഫീസുകളിലെത്തുന്നത്. അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി 26 നു തീരുകയാണെന്നുള്ള വ്യാജപ്രചരണമാണ് പ്രശ്നമായത്. നികുതി അടയ്ക്കാനും രസീത് നല്‍കാനും സൈറ്റ് ലഭിക്കാത്തതിനാല്‍ വില്ലേജ് ജീവനക്കാര്‍ പഴയ രസീതുകള്‍ വാങ്ങിവയ്ക്കുകയും വേഗത വരുന്ന സമയത്ത് നികുതിയടച്ചു നല്കുകയുമാണു ചെയ്യുന്നത്. സമാന രീതിയില്‍ തന്നെയാണ് അക്ഷയകേന്ദ്രങ്ങളിലും ചെയ്തത്. വില്ലേജ് ഓഫീസുകളില്‍ നികുതിയടയ്ക്കല്‍ 80 ശതമാനമേ ഓണ്ലൈനായിട്ടുള്ളൂ. അതേസമയം നാളെ വരെ പിഎം കിസാന്‍ ഗുണഭോക്താക്കള്‍ക്കു വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനാകുമെന്ന് അക്ഷയകേന്ദ്രങ്ങള്‍ പറഞ്ഞു.