വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ സിഡിഎസ് മുഖേന തെരഞ്ഞെടുത്ത എന്യുമറേറ്റര്‍മാര്‍ക്ക് പരിശീലനം നല്കി
കോണത്തുകുന്ന്: ദ്വിദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുടുംബശ്രീയും കേരള നോളജ് എക്കോണമി മിഷനും സംയുക്തമായി നടപ്പിലാക്കുന്ന ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ കാമ്പയിന്റെ ഭാഗമായി കേരളത്തിലെ ഓരോ വീടുകളും കേന്ദ്രീകരിച്ചു 18 മുതല്‍ 59 വരെ പ്രായപരിധിയിലുള്ള പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയോ അതിനു മുകളില്‍ യോഗ്യതയുള്ളവരില്‍ തൊഴില്‍ രഹിതരായി തൊഴില്‍ നേടാന്‍ സന്നദ്ധതയുള്ളവരുടെ വിവരങ്ങള്‍ വീടുകള്‍ തോറും കയറി സര്‍വേ നടത്തി ശേഖരിക്കുന്നതിനായി വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ സിഡിഎസ് മുഖേന തെരഞ്ഞെടുത്ത എന്യുമറേറ്റര്മാര്ക്കാണു പരിശീലനം നല്‍കിയത്. ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വെച്ച നടന്ന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് എന്യുമറേറ്റര്‍മാര്‍ക്കു സര്‍വെയ്ക്കുള്ള ഐഡിന്റിറ്റി കാര്‍ഡ് വിതരണം ചെയ്തു കൊണ്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സിന്ധു ബാബു അധ്യക്ഷത വഹിച്ചു. ബൈ ഇലക്ഷന് നടക്കുന്നതിനാലാണു നമ്മുടെ പഞ്ചായത്തിലെ പരിശീലന പരിപാടി നടത്തപ്പെടുന്നതിനു കാലതാമസം നേരിട്ടതെന്നു പ്രസിഡന്റ് അറിയിക്കുകയും എന്നിരുന്നാലും ഒറ്റക്കെട്ടായി നിന്നു പെട്ടെന്നു തന്നെ സര്‍വെ നമുക്ക് തീര്‍ക്കാന്‍ സാധിക്കുമെന്നും ഗ്രാമപഞ്ചായത്തിലെ എല്ലാ കുടുംബങ്ങളും സര്‍വെ നടത്തുന്നതിനു വരുന്ന എന്യുമറേറ്റേഴ്സിനോടു സഹകരിക്കണമെന്നും അദ്ദേഹമറിയിച്ചു. പരിശീലന പരിപാടിയില്‍ സിഡിഎസ് ചെയര്‍പെഴ്സണ്‍ ഗീതാഞ്ജലി ബിജു പ്രസംഗിച്ചു. കില റിസോഴ്സ്പേഴ്സണ്‍ സുനിത ഷിജില്‍, സിആര്‍പി ഹേമ സന്തോഷ്, ഗ്രാമപഞ്ചായത്ത് ടെക്നിക്കല്‍ അസിസ്റ്റന്റ് പി. ജീസ് പോള്‍ എന്നിവര്‍ പരിശീലന പരിപാടിക്കു നേതൃത്വം നല്കി.