മഴയില്‍ ഇടിഞ്ഞ മുടിച്ചിറ പുനര്‍നിര്‍മാണത്തിനായി ദുരന്തനിവാരണ വകുപ്പിന്റെ സഹായം തേടാന്‍ ആലോചന
ഇരിങ്ങാലക്കുട: കനത്ത മഴയില്‍ തകര്‍ന്ന മുരിയാട് പഞ്ചായത്തിലെ മുടിച്ചിറയുടെ പുനര്‍നിര്‍മാണത്തിനു ദുരന്തനിവാരണ വിഭാഗത്തിന്റെ സഹായം തേടാന്‍ ആലോചന. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശമനുസരിച്ചു സ്ഥലം സന്ദര്‍ശിച്ച പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥസംഘമാണു ദുരന്തനിവാരണ വകുപ്പിനെ സമീപിക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ മാസം 14 നു രാത്രിയോടെ ഉണ്ടായ കനത്ത മഴയിലാണു മുടിച്ചിറയുടെ തെക്കു ഭാഗത്തുള്ള സംരക്ഷണഭിത്തി 35 മീറ്ററോളം ഇടിഞ്ഞത്. പഞ്ചായത്തിലെ 12, 13, 14 വാര്‍ഡുകളിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടു വര്‍ഷം മുമ്പാണു മുടിച്ചിറ സംരക്ഷണ പ്രവൃത്തികള്‍ ആരംഭിച്ചത്. ജലസേചന വകുപ്പിന്റെ നഗരസഞ്ചയിക ഫണ്ടില്‍ നിന്നുള്ള 39 ലക്ഷവും എംഎല്‍എ ഫണ്ടില്‍ നിന്നുള്ള 15 ലക്ഷവുമാണ് ഇതിനായി നീക്കിവെച്ചത്. സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടയില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലെ കനത്ത മഴയില്‍ ചിറ ഇടിഞ്ഞതിനെ തുടര്‍ന്നു 15 ലക്ഷം രൂപ കൂടി സംരക്ഷണ പ്രവര്‍ത്തികള്‍ക്കായി അനുവദിച്ചിരുന്നു. പ്രവൃത്തികള്‍ 80 ശതമാനവും പൂര്‍ത്തീകരിച്ച വേളയിലാണു മഴയില്‍ ചിറയുടെ സംരക്ഷണഭിത്തി ഇടിഞ്ഞത്. തകര്‍ന്ന ഭാഗം കരിങ്കല്‍ കെട്ടി സംരക്ഷിക്കാനാണ് ഇപ്പോള്‍ ആലോചനയുള്ളത്.