നാലമ്പല തീര്‍ഥാടനത്തിന് സര്‍ക്കാരില്‍ നിന്നുള്ള സഹായ സഹകരണങ്ങള്‍ ലഭ്യമാക്കുമെന്ന് മന്ത്രി ഡോ.ആര്. ബിന്ദു
തീര്‍ഥാടനം നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം
ഇരിങ്ങാലക്കുട: നാലമ്പല ദര്‍ശനത്തിന് വേണ്ട എല്ലാവിധ സഹായസഹകരണങ്ങളും സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു. കൂടല്‍മാണിക്യം ദേവസ്വം കോണ്‍ഫ്രറന്‍സ് ഹാളില്‍ ചേര്‍ന്ന നാലമ്പല കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. യോഗത്തില്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി. നന്ദകുമാര്‍ നാലമ്പല ദര്‍ശനത്തിന് എടുക്കേണ്ട നടപടിക്രമങ്ങളെ കുറിച്ച് വിശദീകരിച്ചു. കേരളത്തിന്റെ നാനാഭാഗത്തു നിന്നും വരുന്ന ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഇല്ലാത്ത വിധം ദര്‍ശനം നടത്തുവാനും വാഹനങ്ങള്‍ക്ക് വിപുലമായ പാര്‍ക്കിംഗിനും വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. നാലമ്പല ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങളെ ഏകോപിപ്പിക്കുകയും അവര്‍ക്കു വേണ്ട യാത്രാസൗകര്യം പ്രത്യേകം ഏര്‍പ്പെടുത്തുകയും ചെയ്യാം എന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. കൂടാതെ ഭക്തജനങ്ങള്‍ക്ക് അതാതു ക്ഷേത്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താം എന്ന് നാലു ക്ഷേത്രങ്ങളിലെയും ഭാരവാഹികള്‍ യോഗത്തെ അറിയിച്ചു. പ്രളയം, കോവിഡ് സാഹചര്യങ്ങളെ തുടര്‍ന്ന് കഴിഞ്ഞ നാലു വര്‍ഷങ്ങളായി നാലമ്പല തീര്‍ഥാടനം സാധ്യമായിട്ടില്ല. ശനി, ഞായര്‍ ദിവസങ്ങളില്‍ ഒരു ലക്ഷത്തോളം തീര്‍ഥാടകരെയും മറ്റു ദിനങ്ങളില്‍ പതിനായിരത്തോളം തീര്ഥാടകരെയുമാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി, വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, കൊച്ചിന് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ജ്യോതി, സെക്രട്ടറി ശോഭന എന്നിവര്‍ പങ്കെടുത്തു. ദേവസ്വം ചെയര്മാന് പ്രദീപ് മേനോന് സ്വാഗതവും ആര്‍ഡിഒ യും കൂടല്‍മാണിക്യം അഡ്മിനിസ്ട്രേറ്റര്‍ ഇന്‍ ചാര്‍ജുമായ എം. എച്ച്. ഹരീഷ് നന്ദിയും പറഞ്ഞു. നാലമ്പല കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മുഖ്യരക്ഷാധികാരിയായി മന്ത്രി ഡോ.ആര്. ബിന്ദുവിനെയും രക്ഷാധികാരികളായി സി.സി. മുകുന്ദന് എംഎല്‍എ (നാട്ടിക), റോജി എം. ജോണ്‍ എംഎല്‍എ (അങ്കമാലി) സോണിയ ഗിരി (ചെയര്‍പേഴ്സണ്‍, ഇരിങ്ങാലക്കുട നഗരസഭ) എന്നിവരെയും കമ്മിറ്റി ചെയര്‍മാനായി കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി. നന്ദകുമാറിനെയും കണ്‍വീനര്‍ ആയി കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോനെയും യോഗം തെരഞ്ഞെടുത്തു.