നാലമ്പല തീര്‍ഥാടനം; എല്ലാ ജില്ലാ ആസ്ഥാനങ്ങളില്‍ നിന്നും പ്രത്യേക കെഎസ്ആര്‍ടിസി സര്‍വീസുകള്‍
നാലമ്പല തീര്‍ഥാടനം; എല്ലാ ജില്ലാ ആസ്ഥാനങ്ങളില്‍ നിന്നും പ്രത്യേക കെഎസ്ആര്‍ടിസി സര്‍വീസുകള്‍; ഇരിങ്ങാലക്കുടയില്‍ നിന്ന് മൂന്ന് സര്‍വീസുകള്‍; സര്‍ക്കാരിന്റെ പൂര്‍ണസഹകരണം വാഗ്ദാനം ചെയ്ത് മന്ത്രി ഡോ. ആര്. ബിന്ദു.
ഇരിങ്ങാലക്കുട: നാലമ്പല തീര്‍ഥാടകര്‍ക്കായി ഇത്തവണ എല്ലാ ജില്ലാ ആസ്ഥാനങ്ങളില്‍ നിന്നും പ്രത്യേക കെഎസ്ആര്‍ടിസി സര്‍വീസുകള്‍. മഹാമാരി സൃഷ്ടിച്ച രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള നാലമ്പല തീര്‍ഥാടനം സംബന്ധിച്ച ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന നാലമ്പല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് അധികൃതര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. കെഎസ്ആര്‍ടിസി ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെന്ററില്‍ നിന്നു മാത്രമായി മൂന്ന് പ്രത്യേക സര്‍വീസുകളും ഉണ്ടാകും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീര്‍ഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹകരണവും മന്ത്രി ഉറപ്പു നല്കി. പ്രത്യേക ക്യൂ സമ്പ്രദായം, പോലീസിന്റെയും മെഡിക്കല്‍ ടീമിന്റെയും സേവനങ്ങള്‍, പ്രത്യേക വളണ്ടിയര്‍മാര്‍, അന്നദാനം, പ്രത്യേക പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍, വിശ്രമ സൗകര്യം എന്നിവ ഇത്തവണയും ഉണ്ടാകും. ശ്രീകൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ഈയടുത്ത് ആരംഭിച്ച ആയുര്‍വേദ ചികിത്സ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഫസ്റ്റ് എയ്ഡ് കൗണ്ടറും ആറു ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കും. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ സമയക്രമം പാലിക്കുന്ന കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും നാല് ക്ഷേത്രങ്ങളിലെയും വഴിപാട് നിരക്കുകള്‍ ഏകീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഭക്തജനങ്ങള്‍ക്കായുള്ള വിശ്രമകേന്ദ്രങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും ആവശ്യമുയര്‍ന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍, കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി. നന്ദകുമാര്‍, ആര്‍ഡിഒ എം.എച്ച്. ഹരീഷ്, വിവിധ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍മാര്‍, ദേവസ്വം ഭരണസമിതി അംഗങ്ങള്‍, നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, പോലീസ്, കെഎസ്ഇബി, ആരോഗ്യ വകുപ്പ്, ഫയര്‍, വിവിധ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൂടല്‍മാണിക്യദേവസ്വം ചെയര്മാന് പ്രദീപ് മേനോന് സ്വാഗതവും അഡ്മിനിസ്ട്രേറ്റര്‍ കെ.ജെ. ഷിജിത്ത് നന്ദിയും പറഞ്ഞു.