ജനകീയ അക്കാദമിക് മാസ്റ്റര്‍പ്ലാനുമായി വടക്കുംകര ഗവ. യുപി സ്കൂള്‍
കല്പറമ്പ്: ജനകീയ ശില്പശാലയിലൂടെ അക്കാദമിക് മുന്നേറ്റം ലക്ഷ്യം വെച്ച് വിവിധ പ്രവര്‍ത്തനങ്ങളുടെ കരടുരൂപരേഖയായ അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ തയാറാക്കി വടക്കുംകര ഗവ. യുപി സ്കൂള്‍. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ആദ്യത്തെ ജനകീയ ശില്പശാലയാണ് സ്കൂളില്‍ നടന്നത്. സ്വയംപര്യാപ്ത വിദ്യാലയമായി കഴിഞ്ഞവര്‍ഷം തന്നെ മാറിയ വിദ്യാലയത്തില്‍ നടന്ന ശില്പശാലയില് ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍, പൂര്‍വവിദ്യാര്‍ഥികള്‍, വിദ്യാഭ്യാസ സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവരെല്ലാം ഒന്നിച്ചിരുന്നാണ് പദ്ധതിരേഖയ്ക്ക് രൂപം നല്‍കിയത്. കല, ആരോഗ്യം, കാര്‍ഷികം, ശാസ്ത്രം, സാമൂഹികം, ഭാഷ, ജനകീയം എന്നിങ്ങനെ ആറു മേഖലകളില്‍ ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തി. ഓരോ മേഖലയ്ക്കും പ്രത്യേകം കര്‍മസമിതിയും ഉണ്ടാക്കിയിട്ടുണ്ട്. പൂമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിതാ സുരേഷ് ശില്പശാല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ജൂലി ജോയി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന് ടി.എസ്. സജീവന് വിഷയാവതരണം നടത്തി.
വി.കെ. ശങ്കരനാരായണന്, സി.എ. ജോണ്സണ്, എന്‍.ആര്. വിനോദ്, സുധാകരന് വെള്ളാങ്കല്ലൂര്‍, ടി.എസ്. സുനില്‍കുമാര്‍, പിടിഎ പ്രസിഡന്റ് പി.കെ. ഷാജു, ദീപ്തി ഷാജി, ബിആര്‍സി പ്രതിനിധി ബിന്ദു തുടങ്ങിയവര്‍ പ്രസംഗിച്ചു.