സംഗമഗ്രാമമാധവന്റെ അപ്രകാശിത ഗ്രന്ഥം കണ്ടെത്തി പ്രസിദ്ധപ്പെടുത്തി, സെന്റ് ജോസഫ്സ് കോളജിലെ പുരാരേഖാ ഗവേഷണ കേന്ദ്രം
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് മലയാള വിഭാഗം അധ്യാപിക ലിറ്റി ചാക്കോ ആണ് ഈ ഗവേഷണ പദ്ധതികള്‍ക്കു നേതൃത്വം നല്‍കുന്നത്. കാലിക്കറ്റ് സര്‍വകലാശാലയിലെ ഡോ. ഇ.എം. അനീഷ്, എംജി സര്‍വകലാശാലയിലെ ഡോ. ഷാരല്‍ റിബല്ലോ, മുന്‍ ഗണിത ശാസ്ത്ര വിഭാഗം അധ്യക്ഷ ഡോ. എന്‍. ആര്. മംഗളാംബാള്‍ എന്നിവരും എസ്. സോന, റോസി ചാണ്ടി, എല്‍സ ദേവസി എന്നിവരും ഈ ഗവേഷണപദ്ധതിയുടെ ഭാഗമാണ്.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ സംഗമഗ്രാമമാധവന്റെ അപ്രകാശിത ഗ്രന്ഥം കണ്ടെത്തി പ്രസിദ്ധപ്പെടുത്തി, സെന്റ് ജോസഫ്സ് കോളജിലെ പുരാരേഖാ ഗവേഷണ കേന്ദ്രം. സംഗമഗ്രാമമാധവന്റെ ലഗ്നപ്രകരണത്തിന്റെ താളിയോലകള്‍ പ്രകാശിതമായി. സംഗമഗ്രാമ മാധവന്റെ ജീവിതവും സംഭാവനകളുമായി ബന്ധപ്പെട്ട ഗവേഷണത്തിനിടയിലാണ് ഇവ കണ്ടെത്തിയത്. ബ്രിട്ടീഷ് ലൈബ്രറിയുടെ ഡിജിറ്റൈസേഷന് പദ്ധതിയുടെ ഭാഗമായി ബ്രിട്ടീഷ് ലൈബ്രറി വെബ്സൈറ്റിലാണ് ഈ രേഖകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭാരതത്തില്‍ നിന്നുള്ള ഗണിത, ജ്യോതിശാസ്ത്രജ്ഞനായ സംഗമഗ്രാമമാധവന് പതിനാലാം നൂറ്റാണ്ടില്‍ കല്ലേറ്റുംകരയിലെ ഇരിഞ്ഞാടപ്പിള്ളി മനയില്‍ ജീവിച്ചിരുന്നതായാണ് വിശ്വസിക്കപ്പെടുന്നത്.
ഇദ്ദേഹത്തിന്റെ എട്ടു പുസ്തകങ്ങളില്‍ സ്ഫുടചന്ദ്രാപ്തിയും വേണ്വാരോഹവും മാത്രമാണ് ഇതുവരെ ലഭ്യമായിട്ടുള്ളു. ലഗ്നപ്രകരണത്തിന്റെ ഏതാനും ഭാഗങ്ങള്‍ ഒരു പഴയ നോട്ടു പുസ്തകത്തില്‍ പകര്‍ത്തിയ നിലയില്‍ ഇതേ ഗവേഷണ സംഘം മുന്‍പു കണ്ടെത്തിയിരുന്നു. ഇപ്പോള്‍ ലഭ്യമായിരിക്കുന്നത് താളിയോലകളാണ്. ഇരിങ്ങാടപ്പിള്ളി മനയില്‍ നടത്തിയ ഗവേഷണ ഫലമായി വട്ടെഴുത്തിലുള്ള ഒരു ശിലാലിഖിതവും ഇവര്‍ കണ്ടെത്തിയിരുന്നു. താളിയോലകളടങ്ങിയ പുരാരേഖാ സഞ്ചയത്തിന്റെ സംരക്ഷണത്തിനായി ബ്രിട്ടീഷ് ലൈബ്രറി നല്കുന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ഈ താളിയോലകള്‍ പ്രസിദ്ധപ്പെടുത്തിയത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് മലയാള വിഭാഗം അധ്യാപിക ലിറ്റി ചാക്കോ ആണ് ഈ ഗവേഷണ പദ്ധതികള്‍ക്കു നേതൃത്വം നല്‍കുന്നത്. കാലിക്കറ്റ് സര്‍വകലാശാലയിലെ ഡോ. ഇ.എം. അനീഷ്, എംജി സര്‍വകലാശാലയിലെ ഡോ. ഷാരല്‍ റിബല്ലോ, മുന്‍ ഗണിത ശാസ്ത്ര വിഭാഗം അധ്യക്ഷ ഡോ. എന്‍. ആര്. മംഗളാംബാള്‍ എന്നിവരും എസ്. സോന, റോസി ചാണ്ടി, എല്‍സ ദേവസി എന്നിവരും ഈ ഗവേഷണപദ്ധതിയുടെ ഭാഗമാണ്. പെരുവനം കുന്നത്തൂര്‍ പടിഞ്ഞാറേടത്ത് മന, കല്ലേറ്റുംകര ഇരിങ്ങാടപ്പിള്ളി മന എന്നിവിടങ്ങളിലെ ഇരുപതിനായിരത്തോളം വരുന്ന പുരാരേഖാ സഞ്ചയം ഇവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംരക്ഷിച്ചു ഡിജിറ്റൈസ് ചെയ്ത് ഉടമസ്ഥര്‍ക്കു തിരിച്ചേല്പിച്ചു. ഈ രേഖകള്‍ ഗവേഷകരുള്‍പ്പെടെ ഏവര്‍ക്കും സൗജന്യമായി ലഭ്യമായിരിക്കും. രേഖകള്‍ അതാതിടങ്ങളില്‍ ഉടമസ്ഥരുടെ തന്നെ നിയന്ത്രണത്തില്‍ വച്ചു കൊണ്ട് റിസര്‍ച്ചിനു വേണ്ടി ലഭ്യമാക്കുന്ന പദ്ധതിയാണിത്. അമൂല്യമായ അറിവുകളടങ്ങുന്ന നമ്മുടെ രേഖാസഞ്ചയങ്ങള്‍ അടിയന്തിര ശ്രദ്ധനല്‍കി സംരക്ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
2018 മുതല്‍ മാനുസ്ക്രിപ്റ്റ് പ്രിസര്‍വേഷന്‍ ആന്‍ഡ് ഡിജിറ്റൈസേഷന് സെന്റര്‍ (എംആര്‍പിസി) കോളജിലുണ്ട്. കെമിക്കല്‍ സംരക്ഷണങ്ങള്‍ക്കുള്ള ലബോറട്ടറിയും ഡിജിറ്റൈസേഷനു വേണ്ടിയുള്ള സുസജ്ജമായ സ്റ്റുഡിയോയും കാറ്റലോഗിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്കുള്ള ഗവേഷകരും ഇവിടെ ജോലി ചെയ്യുന്നു. യുജിസി ധനസഹായത്തോടെയാണ് എംആര്‍പിസി പ്രവര്‍ത്തിക്കുന്നത്. പ്രളയകാലത്ത് ലക്ഷക്കണക്കിനുള്ള രേഖകള്‍ ഇവര്‍ പ്രിസര്‍വ് ചെയ്ത് ഉടമസ്ഥര്‍ക്ക് തിരിച്ചേല്പിച്ചിരുന്നു. പുരാരേഖകള്‍ ഏറെയുണ്ടെങ്കിലും കേരളത്തില്‍ നിന്ന് വളരെ അപൂര്‍വമാണ് ഇത്തരമൊരു ഗവേഷണ പദ്ധതി എന്ന് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലൈസ പറഞ്ഞു.