കോടിയേരി ബാലകൃഷ്ണന് ജനമൈത്രി പോലീസ് സംവിധാനത്തിന് തുടക്കം കുറിച്ചത് ഇരിങ്ങാലക്കുടയില്‍
ഇരിങ്ങാലക്കുട: ആഭ്യന്തര വകുപ്പ് മന്ത്രി ആയിരിക്കുമ്പോള്‍ കോടിയേരി ബാലകൃഷ്ണന് ജനമൈത്രി സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയത് ഇരിങ്ങാലക്കുട നഗരസഭാ പരിധിയിലാണ്. 2008 ഏപ്രില്‍ ആറിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ വച്ചാണ് ഏറെ ജനശ്രദ്ധ ആകര്‍ഷിപ്പിച്ചുകൊണ്ട് ഇരിങ്ങാലക്കുടയില്‍ ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷണന് തന്നെ ആയിരുന്നു ഉദ്ഘാടകന്‍. പോലീസ് സംവിധാനത്തെ കൂടുതല്‍ ജനകീയമാക്കുക എന്ന ഉദ്ദേശത്തോടെയാണ് സംസ്ഥാനത്ത് ജനമൈത്രി പോലീസ് സ്റ്റേഷനുകള്‍ ആരംഭിച്ചത്. കുറ്റകൃത്യങ്ങള്‍ തടയുന്നതിലും സുരക്ഷാകാര്യങ്ങളിലും പോലീസ് പൊതുജന സഹകരണം വര്‍ധിപ്പിക്കുക എന്നതാണു ജനമൈത്രി പോലീസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്. ഇന്ത്യയില്‍ തന്നെ ആദ്യത്തെ ജനമൈത്രി പോലീസിനുള്ള അന്താരാഷ്ട്ര അംഗീകാരമായ ഐഎസ്ഒ 9001 2008 ലഭിക്കുന്നത് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനാണ്. ജനമൈത്രി പോലീസിന് ലഭിച്ച ഐഎസ്ഒ അംഗീകാര സര്‍ട്ടിഫിക്കറ്റ് മന്ത്രി കോടിയേരി ബാലകൃഷ്ണന് ഡിജിപി ജേക്കബ് പുന്നൂസിന് കൈമാറുകയായിരുന്നു. 2011 ജനുവരി ആറിനാണ് അംഗീകാര സര്‍ട്ടിഫിക്കറ്റ് കൈമാറുന്ന ചടങ്ങ് ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടന്നത്. ഈ ചടങ്ങില്‍ മന്ത്രിക്ക് പരാതി നല്കാന് ശ്രമിച്ച വീട്ടമ്മയെ പോലീസ് തടഞ്ഞത് നാടകീയരംഗങ്ങള്‍ സൃഷ്ടിച്ചിരുന്നു. സദസില്‍ ഉണ്ടായ ബഹളം ശ്രദ്ധയില്‍പെട്ടപ്പോള്‍ വേദിയിലിരുന്ന ആഭ്യന്തരമന്ത്രി സൗമ്യമായി ഈ പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. ഇതേ തുടര്‍ന്ന് വേദിയിലേക്ക് വീട്ടമ്മയെ വിളിച്ചുവരുത്തി മന്ത്രി പരാതി വാങ്ങുകയായിരുന്നു. തുടര്‍ന്ന് വീട്ടമ്മയില്‍ നിന്നും സംഭവവികാസങ്ങള്‍ ചോദിച്ച് മനസിലാക്കുകയും ചെയ്തു. പരാതി നല്‍കാനെത്തിയ തനിക്ക് പോലീസില്‍ നിന്നും മര്ദനമേല്ക്കേണ്ടിവന്നെന്നും കൈകളിലേറ്റ പാടുകള്‍ ചൂണ്ടിക്കാണിച്ച് മന്ത്രിക്ക് മുന്നില്‍ വിലപിച്ചുകൊണ്ട് നീതി നടപ്പാക്കിത്തരണമെന്ന് അഭ്യര്‍ഥിച്ചിരുന്നു.
പരാതി നല്‍കാനെത്തിയ വീട്ടമ്മയെ വേദിയിലേക്ക് വിളിച്ചുവരുത്തി മന്ത്രി കോടിയേരി ബാലകൃഷ്ണന് പരാതി വാങ്ങുന്നു. (ഫയല്‍ ഫോട്ടോ)
ഇന്ത്യയില്‍ ആദ്യമായി ഇരിങ്ങാലക്കുട ജനമൈത്രി പോലീസ് സ്റ്റേഷന് ലഭിച്ച ഐഎസ്ഒ 9001:2008 അംഗീകാര സര്‍ട്ടിഫിക്കറ്റ് കൈമാറുന്നതിന്റെയും ജനമൈത്രി പോലീസിന് ഇരിങ്ങാലക്കുട പൗരാവലി നല്കിയ സ്വീകരണസമ്മേളനവും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു. (ഫയല്‍ ഫോട്ടോ)