കൊടുങ്ങല്ലൂര്‍ കൂര്‍ക്കഞ്ചേരി റോഡിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തികള്‍ ത്വരിതപ്പെടുത്തണം: നൂറ്റൊന്നംഗ സഭ
ഇരിങ്ങാലക്കുട: സംസ്ഥാന പാതയില്‍ കൊടുങ്ങല്ലൂര്‍ കൂര്‍ക്കഞ്ചേരി ഭാഗത്തെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് നടപ്പാക്കുന്ന പൊതു ഗതാഗത പരിഷ്കാരങ്ങള്‍ ശാസ്ത്രീയമാക്കാനും, പണികള്‍ ത്വരിതപ്പെടുത്തി പൊതുജനങ്ങള്ക്കുണ്ടാകന്ന ബുദ്ധിമുട്ടുകള്‍ പരമാവധി ലഘൂകരിക്കാന്‍ നടപടിയുണ്ടാകണമെന്നും നൂറ്റൊന്നംഗസഭാ യോഗം അധികൃതരോടാവശ്യപ്പെട്ടു. നിലവില്‍ പണി നടന്നുകൊണ്ടിരിക്കുന്ന വിവിധ റൂട്ടുകളില്‍ വാഹനങ്ങള്‍ തിരിച്ചുവിടുന്നതില്‍ വ്യാപകമായ അപാകതകള്‍ നിലനില്‍ക്കുന്നതായും ഇതുമൂലം സ്വകാര്യ ബസുകള്‍ക്കുണ്ടാകുന്ന സമയനഷ്ടം പരിഹരിക്കുന്നതിന് അമിത വേഗം സ്വീകരിക്കുന്നതിനാല്‍ അപകട സാധ്യത വര്‍ധിച്ചു വരികയാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഇതിനകം ആരംഭിച്ചിട്ടുള്ള കലുങ്കു പണികള്‍ പോലും വേണ്ടത്ര മുന്‍കരുതലില്ലാതെയും ഇഴഞ്ഞു നീങ്ങുന്ന രീതിയിലുമാണെന്നും യോഗം വിലയിരുത്തി. ഡോ. ഇ.പി. ജനാര്ദ്ദനന് അധ്യക്ഷത വഹിച്ച യോഗത്തില്‍ പുതിയ ഭാരവാഹികളായി ഡോ. ഇ.പി. ജനാര്ദ്ദനന് (ചെയര്മാന്), വി.എസ്.കെ മേനോന്, ഡോ. എ.എന്‍. ഹരീന്ദ്രനാഥന്‍ (വൈസ് ചെയര്മാന്മാര്), എം. സനല്‍കുമാര്‍ (ജനറല്‍ കണ്‍വീനര്‍), പി. രവി ശങ്കര്‍ (സെക്രട്ടറി), പി. കെ. ശിവദാസന്‍ (ട്രഷറര്‍) എന്നിവരെയും പ്രസന്ന ശശി, സതീഷ് പള്ളിച്ചാടത്ത്, കെ. ഹരി എന്നിവരടങ്ങുന്ന 21 അംഗ നിര്‍വാഹക സഭയെയും യോഗം തിരഞ്ഞെടുത്തു. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് വി.എസ്.കെ. മേനോന് നേതൃത്വം നല്കി.