മുരിയാട് വെള്ളിലാംകുന്ന് കോളനി കമ്യൂണിറ്റി ഹാള്‍ നിര്‍മാണമടക്കമുള്ള പദ്ധതികള്‍ ഇനിയും പൂര്‍ത്തിയായില്ല
2015 ജൂണ്‍ 27ന് എംഎല്‍എയായിരുന്ന അഡ്വ. തോമസ് ഉണ്ണിയാടനാണ് പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത്. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് എം.ബി. രാഘവന് മാസ്റ്ററായിരുന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ചത്. ഏഴുവര്‍ഷമായിട്ടും പദ്ധതി പൂര്‍ത്തിയാക്കുവാന്‍ അധികാരികളുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല
മുരിയാട്: ഗ്രാമപഞ്ചായത്തിലെ വെള്ളിലാംകുന്ന് കോളനിയില്‍ പട്ടികജാതി വികസനവകുപ്പ് നടപ്പാക്കിയ വികസന പ്രവൃത്തികള്‍ ഇനിയും പൂര്‍ത്തിയായില്ല. 2013 14 വര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുകോടി രൂപയാണ് വികസന പ്രവൃത്തികള്‍ക്കായി വകയിരുത്തിയിരുന്നത്. 2015 ജൂണ്‍ 27ന് അന്നത്തെ എംഎല്‍എയായിരുന്ന അഡ്വ. തോമസ് ഉണ്ണിയാടനാണ് പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത്. അന്നത്തെ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് എം.ബി. രാഘവന് മാസ്റ്ററായിരുന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ചത്. എന്നാല്‍, ഏഴുവര്‍ഷമായിട്ടും പദ്ധതി പൂര്‍ത്തിയാക്കുവാന്‍ അധികാരികളുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. 20 വീടുകളുടെ അറ്റകുറ്റപ്പണികള്‍, മൂന്ന് വീടുകളുടെ വൈദ്യുതീകരണം, ശ്മശാനഭൂമിയുടെ ചുറ്റുമതില്‍ അനുബന്ധപ്രവൃത്തികള്‍, കുളത്തിന്റെ അറ്റകുറ്റപ്പണി, കമ്യൂണിറ്റി ഹാള്‍, അതിന്റെ ചുറ്റുമതില്‍, അങ്കണവാടി നവീകരണം എന്നിവയായിരുന്നു പ്രധാന പ്രവൃത്തികള്‍. ആലുവ ആസ്ഥാനമായുള്ള ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡിനായിരുന്നു നിര്‍വഹണച്ചുമതല. എന്നാല്‍, ശ്മശാന ചുറ്റുമതില്‍ നിര്‍മാണവും കമ്യൂണിറ്റി ഹാള്‍ നിര്‍മാണവും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. സ്ഥലവും കെട്ടിടവും ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇതുമൂലം ഹാളും പരിസരവും സാമൂഹ്യവിരുദ്ധരുടെ താവളമായെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. അതിനാല്‍, എത്രയും വേഗം ഹാളിന്റെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഉപയോഗപ്രദമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. കോളനി നിവാസികളുടെ കല്യാണവും മറ്റും വിശേഷ ചടങ്ങുകള്‍ക്കും ഉപയോഗിക്കുന്നതിനാണ് ഈ ഹാള്‍ നിര്‍മിക്കുന്നത്. അതേസമയം, കമ്യൂണിറ്റി ഹാളിന്റെ നിര്‍മാണം പാതി ഘട്ടത്തിലെത്തിയപ്പോഴാണ് പട്ടികജാതി സഹകരണ സംഘം ഭാരവാഹികള്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെ കുറിച്ച് തര്‍ക്കം ഉന്നയിച്ചതെന്നും ശേഷിക്കുന്ന പ്രവൃത്തികള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും നടപടിയായിട്ടില്ലെന്നും ഇരിങ്ങാലക്കുട ബ്ലോക്ക് ഡിവിഷന് പട്ടികജാതി വികസന ഓഫീസര്‍ വ്യക്തമാക്കി.
സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെട്ട മുരിയാട് പഞ്ചായത്തിലെ വെള്ളിലംകുന്ന് കോളനിയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.