ദേശീയ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാകണം: സംസ്കാര സാഹിതി
ഇരിങ്ങാലക്കുട: ഇന്ത്യന്‍ ദേശീയതയുടെ അഭിമാനമായ മതേതരത്വ ജനാധിപത്യ മൂല്യങ്ങളെ അപ്രസക്തമാക്കും വിധമാണ് കേന്ദ്രത്തിലെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഓരോ ഇന്ത്യക്കാരനും ഇത് തിരിച്ചറിയണമെന്നും സംസ്കാര സാഹിതി. കേരളത്തില്‍, സംസ്കാരിക രംഗം കലാപകലുഷിതമാക്കി, നന്മയുടെ തിരിനാളങ്ങള്‍ തല്ലിക്കെടുത്തുവാനാണ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ശ്രമം. ഇത്തരം പ്രവണതകള്‍ക്കെതിരെ പ്രതികരിക്കാനുള്ള വേദിയൊരുക്കലാണ് സംസ്കാര സാഹിതിയുടെ ദൗത്യം. വിദ്യാഭ്യാസം, കല, സാഹിത്യം, സിനിമ തുടങ്ങി ഏതൊരു മേഖലയിലും ഇടതുപക്ഷക്കാരെ മാത്രം ഉള്ക്കൊള്ളുകയുള്ളുവെന്ന ധാര്‍ഷ്ട്യം സംസ്ഥാനത്ത് ചേരിതിരിവ് സൃഷ്ടിക്കുക തന്നെ ചെയ്യുമെന്ന് സംസ്കാരസാഹിതി കുറ്റപ്പെടുത്തി. സംസ്കാര സാഹിതി ഇരിങ്ങാലക്കുട നിയോജകമണ്ഡലം വാര്‍ഷികാഘോഷം ജില്ലാ ചെയര്മാന് എ. സേതുമാധവന് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയര്മാന് എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്് ടി.വി. ചാര്‍ളി, ഹരി ഇരിങ്ങാലക്കുട, ബാബു കോടശേരി, തോമസ് തത്തംപിള്ളി, ടി.എസ്. പവിത്രന്, കെ.എ. അബുബക്കര്‍, പി.കെ. ജിനന്, അരുണ്‍ ഗാന്ധിഗ്രാം എന്നിവര്‍ സംസാരിച്ചു. സംസ്കാര സാഹിതി നിയോജകമണ്ഡലം ചെയര്‍മാനായി സി.എസ്. അബ്ദുള്‍ ഹക്കിനെയും കണ്‍വീനറായി അരുണ്‍ ഗാന്ധിഗ്രാമിനേയും തിരഞ്ഞെടുത്തു. കെ.എ. അബൂബക്കര്‍ മാസ്റ്റര്‍ (വൈസ് ചെയര്മാന്), കെ.കെ. വിശ്വനാഥന് (ട്രഷറര്‍), എ.സി. സുരേഷ്, തോമസ് തത്തംപിള്ളി, പ്രവീണ്‍സ് ഞാറ്റുവെട്ടി, ബാബു കോടശേരി, പി.കെ. ജിനന്, എം. സനല്‍കുമാര്‍ (നിര്‍വാഹക സമിതി അംഗങ്ങള്‍), ഹരി ഇരിങ്ങാലക്കുട (ജില്ലാ പ്രതിനിധി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.