കാട്ടുങ്ങച്ചിറയില്‍ മുട്ട കയറ്റിവന്ന മിനി വാനില്‍ ക്രെയിനിടിച്ച് അപകടം
ഇരിങ്ങാലക്കുട: കാട്ടുങ്ങച്ചിറയില്‍ മുട്ട കയറ്റിവന്ന മിനി വാനില്‍ ക്രെയിനിടിച്ച് അപകടം. ഇന്നലെ ഉച്ചയോടെയാണ് അപകടം നടന്നത്. കാട്ടുങ്ങച്ചിറ സെന്ററില്‍ കടയോടു ചേര്‍ത്ത് നിര്‍ത്തിയിട്ട് ഓര്‍ഡര്‍ എടുക്കുന്നതിനായി മുട്ട കയറ്റിവന്ന മിനി വാനിന്റെ ഡ്രൈവര്‍ ചാലക്കുടി സ്വദേശി ഷാന്‍ കടയിലേക്ക് പോയ സമയത്താണ് എതിരെ വന്ന ക്രെയിന്‍ മിനി വാനില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ടുനീങ്ങിയ മിനിവാന്‍ സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്. ഇതിനിടെ വാനില്‍ നിന്നും മുട്ടകള്‍ ട്രേകളടക്കം കൂട്ടത്തോടെ റോഡിലേക്ക് വീണുപൊട്ടി. ചാലക്കുടിയില്‍ നിന്നും ഇരിങ്ങാലക്കുട ഭാഗത്തെ കടകളില്‍ വിതരണം ചെയ്യുന്നതിനുള്ള താറാവ്, നാടന്‍ കോഴി, കോഴിമുട്ട എന്നിങ്ങനെ ഒരുലക്ഷത്തോളം മുട്ടകള്‍ വാനിലുണ്ടായിരുന്നതായി ഷാന്‍ പറഞ്ഞു. കയറ്റത്തുവെച്ച് അപകടം നടന്നതിനാല്‍ മുട്ടപൊട്ടിയത് താഴെക്ക് ഏറെ ദൂരം പരന്നൊഴുകിയത് പ്രദേശത്തെ ദുര്‍ഗന്ധപൂരിതമാക്കി. വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ പ്രദേശം വൃത്തിയാക്കി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.