വിടവാങ്ങിയത് കഥകളിയുടെ കളിയരങ്ങില്‍ വേഷപകര്‍ച്ചയുടെ നിറസാന്നിധ്യമായ വ്യക്തിത്വം
ഇരിങ്ങാലക്കുട: അന്തരിച്ച കലാനിലയം ഗോപിനാഥന് കഥകളിയുടെ കളിയരങ്ങില്‍ വേഷപകര്‍ച്ചയുടെ നിറസാന്നിധ്യമായിരുന്നു. പാലക്കാട് ജില്ലയിലെ വെള്ളിനേഴി ഞാളാകുരുശി പൂളക്കല്‍ നാരായണന്റെയും സരോജനി അമ്മയുടെയും ആറു മക്കളില്‍ ഒരാളായി 1967 മെയ് 29 ന് ജനനം. വെള്ളിനേഴി സ്കൂളില്‍ തന്നെ വിദ്യാഭ്യാസം. അതിനിടയില്‍ കലാമണ്ഡലം കെ.ജി. വാസുദേവന്‍നായരുടെ കീഴില്‍ കഥകളി പഠനം ആരംഭിച്ചു. തുടര്‍ന്ന് 1981 ല്‍ ഇരിങ്ങാലക്കുട ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തില്‍ കഥകളിവേഷം പഠനത്തിനായി ചേര്‍ന്നു. കലാമണ്ഡലം കുട്ടന്കലാനിലയം രാഘവന്, കലാനിലയം ഗോപാലകൃഷ്ണന്, കലാനിലയം ഗോപി എന്നിവരായിരുന്നു ഗുരുനാഥന്മാര്. കേരള കലാമണ്ഡലത്തില്‍ നിന്നും കഥകളിവേഷത്തില്‍ എംഎ പഠനം 2010 ല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 1995 ല്‍ ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തില്‍ തന്നെ കഥകളിവേഷം അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. തിരുവനന്തപുരം നവരസ സംഗീത പുരസ്കാരം, 2022 ലെ കേരള കലാമണ്ഡലം അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. നിലവില്‍ ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തിലെ കഥകളിവേഷം വിഭാഗം മേധാവിയായിരുന്നു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കേരള കലാമണ്ഡലം അവാര്‍ഡുകളില്‍ കഥകളി വേഷത്തിനുള്ള അവാര്‍ഡ് കലാനിലയം ഗോപിനാഥനായിരുന്നു. ഈ അവാര്‍ഡു ഏറ്റുവാങ്ങുന്നതിനും സാധിച്ചില്ല. മക്കളായ ഹരികൃഷ്ണനും യദുകൃഷ്ണനും കഥകളി രംഗത്തുണ്ട്. ഇരുവരും അഛന്റെ കൈപിടിച്ചാണ് അരങ്ങില്‍ നിന്ന് അരങ്ങുകളിലേക്ക് പോയിരുന്നത്. നര്‍ത്തകിയായ അമ്മ കലാമണ്ഡലം പ്രഷീജ അച്ഛനും മക്കള്‍ക്കും തുണയാകുന്നു. സംഗീതവും നൃത്തവുമാണ് ഈ കുടുംബത്തിന്റെ താളം. കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ശ്രീരാമപട്ടാഭിഷേകം കഥകളിയില്‍ കലാനിലയം ഗോപിനാഥന് ശ്രീരാമന്റെ വേഷമിടാറണ്ട്. മൃതദേഹം ഇന്നലെ ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ നിരവധി കഥകളിപ്രേമികളും സമൂഹത്തിന്റെ നാനാതുറയിലുള്ളവരും അന്തിമോപചാരമര്‍പ്പിക്കുവാന്‍ എത്തിയിരുന്നു.