പട്ടണത്തിലെ നിയന്ത്രണങ്ങള്‍ തുടരുന്നതില്‍ വിമര്‍ശനവുമായി ബിജെപി
എംപിയെയും എംഎല്‍എയെയും കാണാനില്ലെന്നും ആരോപണം
ഇരിങ്ങാലക്കുട: കോവിഡ് രോഗവ്യാപനം കുറഞ്ഞിട്ടും നഗരസഭയില്‍ ഇപ്പോഴും നിലനിര്‍ത്തുന്ന കണ്ടെയ്ന്മെന്റ് സോണും ലോക്ക് ഡൗണും മനപൂര്‍വമുള്ള ജനദ്രോഹമാണെന്നു ബിജെപി മുന്‍സിപ്പാലിറ്റി കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. എംപിയും എംഎല്‍എയും ഉണ്ടായിട്ടും കാര്യവുമില്ലാത്ത സ്ഥിതിയാണെന്നും ബിജെപി മുന്‍സിപ്പാലിറ്റി കമ്മിറ്റിയോഗം കൂട്ടിചേര്‍ത്തു. ഇവരെ കാണുവാന്‍ പോലുമില്ലെന്ന വിമര്‍ശനവുമുണ്ട്. നഗരസഭ കണ്ടെയ്ന്മെന്റ് സോണായിട്ട് 28 ദിവസം കഴിഞ്ഞു. രോഗവ്യാപനം ഗണ്യമായി കുറയുകയും കഴിഞ്ഞ രണ്ടു ദിവസമായി പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. നഗരസഭയിലെ ജനങ്ങള്‍ വലിയ ദുരിതത്തിലാണെന്നും ബാങ്കുകളോ ഓഫീസുകളോ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നും യോഗം വിലയിരുത്തി. പലചരക്ക് പച്ചക്കറി സാധനങ്ങളുടെ വില വല്ലാതെ കുതിച്ചുയരുന്നുവെന്നും ഓട്ടോറിക്ഷ പോലും ഓടുന്നില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. മുന്‍സിപ്പാലിറ്റി സ്തംഭിച്ചിട്ടു ഒരു മാസമായെന്നും അടിയന്തരമായി ഈ പ്രശ്നം പരിഹരിക്കണമെന്നു ബിജെപി മുന്‍സിപ്പാലിറ്റി കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗം മുന്‍സിപ്പാലിറ്റി കമ്മിറ്റി പ്രസിഡന്റും നഗരസഭ പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറുമായ സന്തോഷ് ബോബന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സത്യദേവ് മൂര്‍ക്കനാട് അധ്യക്ഷത വഹിച്ചു. സന്തോഷ് കാര്യാടന്‍, പി.ആര്. രാഗേഷ്, വി.കെ. അയ്യപ്പദാസ് എന്നിവര്‍ പ്രസംഗിച്ചു.