റൂറല്‍ പൊലീസ് ആസ്ഥാനം, നിര്‍മാണം അന്തിമഘട്ടത്തില്‍ ഉയരുന്നത് നാല്നില കെട്ടിടം
ഇരിങ്ങാലക്കുട: റൂറല്‍ ജില്ല പൊലീസിന്റെ ആസ്ഥാനം മന്ദിരത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍. ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താനാണ് നീക്കം. അയ്യന്തോളിലെ തൃശൂര്‍ സിവില്‍ സ്റ്റേഷനിലാണ് ഇപ്പോള്‍ റൂറല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കാട്ടുങ്ങച്ചിറ പൊലീസ് സ്റ്റേഷന് വളപ്പിലാണ് ആറ് കോടിരൂപയോളം ചെലവഴിച്ച് നാല് നിലകളിലായി 18000 ചതുരശ്ര അടിയിലുള്ള പുതിയ ആസ്ഥാന മന്ദിരം നിര്‍മിക്കുന്നത്. പൊലീസിന്റെ റൂറല്‍ ജില്ലയില്‍ ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂര്‍ സബ് ഡിവിഷനുകളാണ് ഉള്‍പ്പെടുന്നത്. റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന് പുറമേ അഡീഷനല്‍ എസ്പി, ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോ ഡിവൈഎസ്പി, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എന്നിവരുടെ ഓഫീസുകളും റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ മിനിസ്റ്റീരിയല്‍ വിഭാഗത്തിലുള്ള ഉദ്യോഗസ്ഥരുടെ ഓഫീസുകളും പുതിയ കെട്ടിടത്തിലുണ്ടാകും. ഇപ്പോള്‍ റൂറല്‍ വനിതാ പൊലീസ് സ്റ്റേഷന്, സൈബര്‍ സ്റ്റേഷന്, കെ ഒന്‍പത് പൊലീസ് ഡോഗ് സ്ക്വാഡ് എന്നിവ ഇരിങ്ങാലക്കുടയിലുണ്ട്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ നിന്ന് കാട്ടുങ്ങച്ചിറ ഡിവൈഎസ്പി ഓഫീസിന് മുന്‍പിലൂടെ ആസ്ഥാന മന്ദിരത്തിലേക്ക് പ്രവേശനത്തിനും പൊലീസ് ക്വാട്ടേര്സുകള്ക്ക് സമീപത്ത് കൂടെ പുറത്തേക്കും റോഡ് നിര്‍മിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തൃശൂര്‍ സൂപ്രണ്ട് ഓഫ് പോലീസ് ഐശ്വര്യ ഡോണ്‍ഗ്രെ ഐപിഎസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാന്‍ എത്തിയിരുന്നു.