കുടിവെള്ളക്ഷാമത്തിന് സാധ്യത, നാട്ടുകാർ ആശങ്കയിൽ
ഇരിങ്ങാലക്കുട: നഗരസഭാ 36-ാം വാര്‍ഡിലെ പൊറത്തിശേരി സംയുക്ത പാടശേഖരത്തിലെ പൊറത്തുച്ചിറ കെട്ടാത്തതില്‍ പ്രതിഷേധം ഉയരുന്നു. ചിറ കെട്ടാത്തതിനാല്‍ വെള്ളം ഒഴുകി പോകുകയാണ്. ചിറ കെട്ടാന്‍ വൈകിയാല്‍ വേനല്‍ക്കാലത്ത് ചിറയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ കിണറുകളില്‍ ജലക്ഷാമം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ചിറയില്‍ മണ്ണിട്ട് ഉയര്‍ത്തി പലകകള്‍ സ്ഥാപിച്ചാണ് താല്കാലിക തടയണ കെട്ടുന്നത്. ഒരു മാസം മുന്‍പ് കെട്ടേണ്ട ചിറയാണിത്. ഒരുമാസം വൈകിയിട്ടും ചിറ കെട്ടുന്നതിന് ടെന്‍ഡര്‍ നടപടികള്‍ പോലും നടത്താത്തത് അനാസ്ഥയാണെന്നു ആരോപണമുയര്ന്നീടുണ്ട്. നഗരസഭയിലെ 32, 33, 35, 36, 37, 39 എന്നീ വാര്‍ഡുകളിലെ വേനല്‍ക്കാലത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും, കല്ലടത്താഴം പാടശേഖരത്തിലെ പുഞ്ചകൃഷിക്ക് ജലസേചനം ഉറപ്പുവരുത്തുന്നതിനുമാണ് പൊറത്തുച്ചിറ കെട്ടിവരുന്നത്. മുന്‍കാലങ്ങളില്‍ കന്നി പത്തിന് ചിറകെട്ടുകയും, മകരം പത്തിന് ചിറ തുറക്കുകയുമാണ് ചെയ്തുവന്നിരുന്നത്. എന്നാല്‍ കാലാവസ്ഥയില്‍ വന്ന മാറ്റത്തെ തുടര്‍ന്ന് ഒക്ടോബര്‍ അവസാനത്തില്‍ ചിറകെട്ടി വിഷുവിന് മുമ്പ് ചിറ തുറക്കുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്. പൊറത്തിശേരി പഞ്ചായത്തായിരുന്ന കാലഘട്ടത്തില്‍ യഥാസമയം ചിറകെട്ടിയിരുന്നു. പഞ്ചായത്ത് നഗരസഭയില്‍ ചേര്‍ത്തതിന് ശേഷം ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ഉണ്ടാകുന്നില്ലന്നും ആരോപണമുണ്ട്. തുലാവര്‍ഷം കനിഞ്ഞില്ലെങ്കില്‍ ചിറകെട്ടിയാലും ജലലഭ്യത ഉറപ്പാക്കാനാവാത്ത സ്ഥിതിയാണുള്ളത്. രാഷ്ട്രീയ വിരോധമാണ് ചിറകെട്ടുന്നതില് അലംഭാവം കാണിക്കുന്നതെന്ന് ഉയര്‍ന്നു വന്നിരിക്കുന്ന മറ്റൊരു ആരോപണം.
നഗരസഭയുടെ അനാസ്ഥ: കേരള കര്‍ഷകസംഘം പ്രതിഷേധ സമരം നടത്തി
മാപ്രാണം: പൊറത്തുച്ചിറ കെട്ടുന്നതിന് ഇരിങ്ങാലക്കുട നഗരസഭ അനാസ്ഥ വെടിഞ്ഞ് സത്വര നടപടി സ്വീകരിച്ചില്ലെങ്കില്‍ കര്‍ഷകസംഘം നേതൃത്വത്തില്‍ കര്‍ഷകരെ അണിനിരത്തി ചിറകെട്ടുമെന്ന് ഏരിയാ സെക്രട്ടറി ടി.ജി. ശങ്കരനാരായണന്. വിരിപ്പ് കൃഷി കൊയ്തുകഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിട്ടും ഇതുവരെയും ചിറകെട്ടുന്നതിന് നഗരസഭ അധികാരികള്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകസംഘം പൊറത്തിശേരി മേഖലാകമ്മിറ്റി കര്‍ഷകരെയും, പ്രദേശവാസികളെയും അണിനിരത്തി പാറക്കാട് പൊറത്തൂച്ചിറക്ക് സമീപം സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലാ പ്രസിഡന്റ് എം. നിഷാദ് അധ്യക്ഷനായി. കര്‍ഷകസംഘം ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവന്മാസ്റ്റര്, ഏരിയാ ട്രഷറര്‍ എം.ബി. രാജുമാസ്റ്റര്‍, നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍, വാര്‍ഡ് കൗണ്‍സിലര്‍ സതി സുബ്രമണ്യന്‍, കര്‍ഷക തൊഴിലാളി യൂണിയന് മേഖലാ പ്രസിഡന്റ് ആലുങ്ങല്‍ ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. ലേഖ ഷാജന് സ്വാഗതവും, ഐ.ആര്. ബൈജു നന്ദിയും പറഞ്ഞു.
കര്‍ഷകരോടുള്ള വെല്ലുവിളി; ഭാരതീയ ജനത കര്‍ഷക മോര്‍ച്ച
കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന പൊറത്തുചിറ കെട്ടാതിരിരിക്കുന്നത് കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്നും ചിറകെട്ടുന്ന നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ നഗരസഭ കൗണ്‍സിലിലും പുറത്തും സമരം ആരംഭിക്കുമെന്ന് കര്‍ഷക മോര്‍ച്ച. മണ്ഡലം പ്രസിഡന്റ് എം.വി. സുരേഷ്, ബിജെപി മണ്ഡലം സെക്രട്ടറി ടി.കെ. ഷാജു, പൊറത്തിശേരി ഏരിയ വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്, കൗണ്‍സിലര്‍ സതി സുബ്രമുണ്യന് എന്നിവര്‍ പ്രസംഗിച്ചു.