ഊട്ടുപുരയൊരുങ്ങി; കലോത്സവ സദ്യ കുശാലാകും
ഇരിങ്ങാലക്കുട: പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഗായത്രി ഹാളിലാണ് ഭക്ഷണശാല. നാലു ദിവസവും പപ്പടവും പായസവും ഉള്‍പ്പെടെയുള്ള സദ്യയാണ് ഒരുക്കുന്നത്. രാവിലെ ലഘുഭക്ഷണം, ഉച്ചയ്ക്ക് സദ്യ, നാലിന് ചായ, രാത്രി ലഘുഭക്ഷണം എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കലോത്സവത്തിന്റെ ഭാഗമാകുന്ന എല്ലാവര്ക്കും ഭക്ഷണം നല്‍കാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. ഓരോ ദിവസവും വ്യത്യസ്തമായ രീതിയിലാണ് ഭക്ഷണം തയാറാക്കുന്നത്. നാലു ദിവസത്തെ പായസത്തിന്റെ ചേരുവകളും വ്യത്യാസമുണ്ടാകും. കൊടകര ഷൈജുവിന്റെ നേതൃത്വത്തില്‍ മുപ്പതോളം പേരാണ് പാചകത്തിന് നേതൃത്വം നല്‍കുന്നത്. സ്കൂള്‍ കലോത്സവങ്ങള്‍ക്ക് ഭക്ഷണം പാചകം ചെയ്തുള്ള മുന്‍പരിചയവും കൂട്ടിനുണ്ട്. പാചകപ്പുരയില്‍ തയാറാക്കിയ അടുപ്പില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി പാലു കാച്ചി ഉദ്ഘാടനം ചെയ്തു.
സംഘാടകസമിതി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍ അധ്യക്ഷത വഹിച്ചു. വിദ്യഭ്യാസ ഉപ ഡയറക്ടര്‍ ടി.വി. മദനമോഹനന്‍ മുഖ്യാതിഥിയായിരുന്നു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ സുജ സജീവ്കുമാര്‍, അംബിക പള്ളിപ്പുറത്ത്, ഡിഇഒ എസ്. ഷാജി, ജസ്റ്റിന് തോമസ് വി., എഇഒ ഡോ.എം.സി. നിഷ, കണ്‍വീനര്‍ ആന്റോ പി. തട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
കൗമാര കലോത്സവത്തിന് കേളികൊട്ടുയരുകയായി
12 ഉപജില്ലകളില്‍ നിന്നായി 16 വേദികളില്‍ 304ല്‍ പരം ഇനങ്ങള്‍
യുപി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള 7299 വിദ്യാര്‍ഥികള്‍ പങ്കെടുക്കും
ഇരിങ്ങാലക്കുട: കൂത്തിനും കൂടിയാട്ടത്തിനും ജന്മം നല്കിയ സാംസ്കാരിക നഗരത്തില്‍ കൗമാര കലോത്സവത്തിന് കേളികൊട്ടുയരുകയായി. കൗമാര പ്രതിഭകളുടെ സംഗമവേദിയാവുകയാണ് വീണ്ടും ഇരിങ്ങാലക്കുട. ചിലങ്കയുടെ മണിനാദങ്ങളും വള കിലുക്കങ്ങളും പാട്ടിന്റെ പാലാഴിയും വാദ്യമേളങ്ങളുടെ ചിറകടിപ്പെരുക്കങ്ങളുമായി കൗമാര കലോത്സവത്തിന് ഇന്നു ഇരിങ്ങാലക്കുടയില്‍ തുടക്കം കുറിക്കും. അഭിനയഭാവ ശില്പങ്ങളായി പ്രതിഭകള്‍ പെയ്തിറങ്ങാന്‍ എല്ലാ അര്‍ഥത്തിലും ജില്ലയിലെ സാംസ്കാരിക നഗരമായ ഇരിങ്ങാലക്കുട നഗരി ഒരുങ്ങികഴിഞ്ഞു. ഇന്ന് രാവിലെ മുതല്‍ കൗമാര പ്രതിഭകളുടെ വരവായി. 12 ഉപജില്ലകളില്‍ നിന്നായി 16 വേദികളില്‍ 304ല്‍ പരം ഇനങ്ങളിലായി യുപി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള 7299 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. അധ്യാപകരും മറ്റു സംഘാടകരുമടക്കം പതിനയ്യായിരത്തോളം പേര് ഈ കലാമാമാങ്കത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ എത്തിച്ചേരുന്നു. സംഘാടക സമിതി ഓഫീസ് ഗവ. ഗേള്‍സ് എച്ച്എസ്എസിലും ഭക്ഷണശാല ഗായത്രി ഹാളിലും ആണ് പ്രവര്‍ത്തിക്കുന്നത്. നാളെ രാവിലെ 9.30ന് റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ. രാജന് കലോത്സവം ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എംപിമാരായ ടി.എന്‍. പ്രതാപന്, ബെന്നി ബഹനാന്, എംഎല്‍എമാരായ എ.സി. മൊയ്തീന്, ഇ.ടി. ടൈസണ്‍, അഡ്വ. വി.ആര്. സുനില്‍ കുമാര്‍, സി.സി. മികുന്ദന്‍, കെ.കെ. രാമചന്ദ്രന്, സനീഷ് കുമാര്‍ ജോസഫ്, തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്, ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ ഐഎഎസ്, ഇരിങ്ങാലക്കുട ചെയര്‍പേഴ്സണ്‍ സോണിയ ഗിരി തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. കലാ സാംസ്കാരിക മേഖലകളിലെ പ്രമുഖരായ വിദ്യാധരന് മാസ്റ്റര്‍, ഗുരു അമ്മന്നൂര്‍ കുട്ടന് ചാക്യാര്‍, വേണുജി, ജയരാജ് വാര്യര്‍, ഉഷ നങ്ങ്യാര്‍, കവിത ബാലകൃഷ്ണന്, ശിവാനി മേനോന് തുടങ്ങിയവരുടെ വിശിഷ്ട സാന്നിധ്യം കലോത്സവ ഉദ്ഘാടന സഭയെ സാര്‍ഥകമാക്കും. ഇരിങ്ങാലക്കുട കൊരമ്പ് മൃദംഗകളരി അവതരിപ്പിക്കുന്ന മൃദംഗമേളയും ചടങ്ങിന് മാറ്റ് കൂട്ടും. 26 ന് വൈകീട്ട് കലോത്സവം സമാപിക്കും.
ഇന്ന് വരയും രചനയും, ഒപ്പം അറബിസംസ്കൃത കലോത്സവങ്ങളും
സ്കൂള്‍ കലോത്സവത്തിന്റെ ആദ്യദിനമായ ഇന്ന് സര്‍ഗശേഷിയുടെ വസന്തം വിരിയിച്ചുകൊണ്ട് രചനാമത്സരങ്ങളും അറബി സംസ്കൃത കലോത്സവങ്ങളും നടക്കും. ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 20 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. രചനാ മത്സരങ്ങള്‍ക്കു പുറമേ കന്നഡ പദ്യം, കന്നട പ്രസംഗം, തമിഴ് പദ്യം, തമിഴ് പ്രസംഗം, ഉറുദു പ്രസംഗം, ഉറുദു ഗസല്‍, ഹിന്ദി പദ്യം, ഹിന്ദി പ്രസംഗം എന്നീ മത്സരങ്ങളും നടക്കും.
വേദികള്‍:
ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
അയ്യങ്കാവ് മൈതാനം
ഡോണ്‍ബോസ്കോ എച്ച്എസ്എസ്
ഗവ. ഗേള്‍സ് എച്ച്എസ്എസ് സ്റ്റേജ്
ഗവ. ബോയ്സ് എച്ച്എസ്എസ് സ്റ്റേജ്
ലയണ്‍സ് ഹാള്‍
പാരിഷ് ഹാള്‍
എല്‍എഫ് സ്കൂള്‍ സ്റ്റേജ്
ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം
സെന്റ് മേരീസ് എച്ച്എസ്
വ്യാപാരഭവന്
എല്‍എഫ് സ്കൂള്‍ ഹാള്‍
നാഷണല്‍ സ്കൂള്‍ മെയിന്‍ സ്റ്റേജ്
നാഷണല്‍ സ്കൂള്‍ എച്ച്എസ് ഹാള്‍
നാഷണല്‍ സ്കൂള്‍ യുപി ഹാള്‍