കനത്ത മഴ: ചെമ്മണ്ട കായല്‍ പുളിയംപ്പാടം പാടശേഖരവും മുരിയാട് കോള്‍നിലങ്ങളും വെള്ളക്കെട്ടില്‍
ഇരിങ്ങാലക്കുട: കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് ചെമ്മണ്ട കായല്‍ പുളിയംപ്പാടം പാടശേഖരവും മുരിയാട് കോള്‍നിലങ്ങളും വെള്ളക്കെട്ടില്‍. ഞാറ് നട്ടീട്ട് ഒരാഴ്ച മാത്രം പിന്നിട്ട 500 ഏക്കറോളം വരുന്ന ചെമ്മണ്ട കായല്‍ പുളിയംപ്പാടം പാടശേഖരത്തിലേക്കും 250 ഏക്കറോളം വരുന്ന കോന്തിപുലം പാടശേഖരത്തിലേക്കും വെള്ളം കയറി വലിയതോടെ ഭീമമായ നഷ്ടമാണ് നെല്‍ കര്‍ഷകര്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മുരിയാട് കോള്‍നിലങ്ങളില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് കോന്തിപുലം പാലത്തിന് സമീപം കെഎല്‍ഡിസി കനാലില്‍ താല്കാലികമായി നിര്‍മ്മിച്ച തടയണ കരാറുകാരന്റെ നേത്യത്വത്തില്‍ പൊളിച്ചു നീക്കി. ഇരിങ്ങാലക്കുട നഗരസഭ, മുരിയാട്, പറപ്പൂക്കര, വേളൂക്കര, ആളൂര്‍ പഞ്ചായത്തുകളിലെ അയ്യായിരത്തോളം ഏക്കര്‍ വരുന്ന കോള്‍പ്പാടങ്ങളില്‍ ജലസേചനത്തിനായി വെള്ളം സംഭരിക്കാനാണ് ഓരോ വര്‍ഷവും ഇവിടെ തടയണ കെട്ടുന്നത്. ആറ് ലക്ഷത്തോളം രൂപ ചിലവഴിച്ചുള്ള താല്കാലിക തടയണയുടെ നിര്‍മ്മാണം മുക്കാല്‍ ഭാഗവും പൂര്‍ത്തീകരിച്ച ഘട്ടത്തിലാണ് തടയണ പൊളിച്ച് നീക്കേണ്ടി വന്നത്. നിര്‍മ്മാണത്തിനായി ചിലവഴിച്ച ലക്ഷങ്ങളും ഇതോടെ പാഴായി. കോന്തിപുലത്ത് സ്ഥിരം തടയണ വേണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. സ്ഥിരം തടയണ സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും തുടര്‍നടപടികള്‍ ഒന്നും ഉണ്ടായില്ല. നിര്‍മ്മാണത്തിനായി ടോക്കണ്‍ തുക മാത്രമേ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളൂവെന്നും ഇരുപത് ശതമാനമെങ്കിലും വകയിരുത്തിയെങ്കില്‍ മാത്രമേ നിര്‍മ്മാണ പ്രവ്യത്തികളിലേക്ക് കടക്കാന്‍ കഴിയുകയുള്ളുവെന്നാണ് ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. കോന്തിപുലത്ത് സ്ഥിരം തടയണ സ്ഥാപിക്കാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി പൊറത്തിശേരി ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി ടി.കെ. ഷാജു, വാര്‍ഡ് കൗണ്‍സിലര്‍ ആര്‍ച്ച അനീഷ്, സന്തോഷ് കാര്യാടന്‍, ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.